കേരളത്തിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. വില്യാപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മേമുണ്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ അവസാനിപ്പിക്കുന്ന ഒരു പോർട്ടലായിരിക്കും ഇന്റഗ്രേറ്റഡ് പോർട്ടൽ. 2023 ജൂൺ മാസത്തിൽ സംസ്ഥാനത്തെ അഞ്ച് വില്ലേജ് ഓഫീസുകളിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്നും എത്രയും വേഗം കേരളത്തിലെ മുഴുവൻ വില്ലേജുകളിലും ഈ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

എല്ലാവർക്കും ഭൂമിയെന്ന ലക്ഷ്യവുമായി പട്ടയമിഷൻ അടുത്ത മാസം ആരംഭിക്കുമെന്നും മെയ് മാസത്തിൽ തൃശൂരിൽ നടക്കുന്ന പട്ടയമേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി മുഖ്യാതിഥിയായി. നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനിയർ കെ.എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം ശ്രീലത, വില്ല്യാപള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, വില്ല്യാപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളി, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ സിമി, മെമ്പർമാരായ ഒ.എം ബാബു, എം.കെ റഫീഖ്, പി സുബീഷ്, വളളിൽ ശാന്ത, കെ ഗോപാലൻ, ഇബ്രായി പുത്തലത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും എഡിഎം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വില്ലേജ് ഓഫിസിന്റെ നിർമ്മാണം പൂർത്തീകരിച്ചത് ജില്ലാ നിർമ്മിതി കേന്ദ്രമാണ്. 1363 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ കാത്തിരിപ്പുകേന്ദ്രം, ഫ്രന്റ് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ്, റെക്കോർഡ് റൂം, ഡൈനിംഗ്, മീറ്റിംഗ് റൂം എന്നിവയും ജീവനക്കാർക്കും അംഗപരിമിതർക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.