തീരദേശത്തെ ചേർത്തുപിടിക്കാൻ സംസ്ഥാന സർക്കാർ തീരസദസ് സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് ഏപ്രിൽ 20 വരെ അപേക്ഷ സമർപ്പിക്കാം. മത്സ്യത്തൊഴിലാളികളുടെ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in വെബ്സൈറ്റിൽ നേരിട്ടും മത്സ്യ ഭവനുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.

തീരസദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ അധ്യക്ഷതയിൽ ഏകോപന സമിതി യോഗം ചേർന്നു. പരിപാടി വിജയകരമായി നടത്തുന്നതിന് വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കണമെന്ന് യോഗത്തിൽ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജില്ലയിൽ മെയ് 6 ന് കൊച്ചി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലാണ് തീരസദസ് സംഘടിപ്പിക്കുന്നത്. കൊച്ചി മണ്ഡലത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും 11 മുതൽ ഒന്ന് വരെ തീരസദസും സംഘടിപ്പിക്കും.

വൈപ്പിൻ മണ്ഡലത്തിൽ മുനമ്പം വേളാങ്കണ്ണി പാരിഷ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ ജനപ്രതിനിധി കളുമായുള്ള ചർച്ചയും വൈകിട്ട് അഞ്ചു മുതൽ ഏഴ് വരെ തീരസദസും സംഘടിപ്പിക്കും.

തീരസദസ് നടത്തിപ്പുമായി കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലെ 12,553 വീടുകളിൽ ജീവനക്കാർ നേരിട്ട് സന്ദർശിക്കുകയും നോട്ടീസുകൾ നൽകുകയും ചെയ്തു. ഇതുവരെ 618 പരാതികളാണ് ലഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീര മേഖലയിലെ ജനങ്ങളുമായി സംവദിക്കുക, അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുക, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കളക്ടറുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ തീരസദസ് കൺവീനറായ ഫിഷറീസ് ജില്ലാ ഓഫീസർ എസ്. ജയശ്രീ, കോ കൺവീനർ മത്സ്യഫെഡ് ജില്ലാ മാനേജർ ടി. വി. സുധ, ജില്ലാ തല ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.