കാൽ നൂറ്റാണ്ടിലേറേയായി കുടിവെള്ളം മൂലം ബുദ്ധിമുട്ടിയിരുന്ന രണ്ടാർകരയിലെ നിവാസികളിപ്പോൾ ആശ്വാസത്തിലാണ്. കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായപ്പോൾ 150 ഓളം കുടുബങ്ങളിൽ കുടിവെള്ളം എത്തി. വേനൽ കടുത്തിട്ടും രണ്ടാർകരയിലെ പ്രദേശവാസികൾക്ക് കുടിവെള്ളത്തിനു ബുദ്ധിമുട്ടില്ല.
മൂവാറ്റുപുഴ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ പതിനൊന്നാം വാർഡിൽ വർഷകാലത്ത് പോലും ശുദ്ധജലം ലഭ്യമായിരുന്നില്ല. ജല അതോറിറ്റിയുടെ തെരുവ് പൈപ്പുകളും കണക്ഷനുകളും ആയിരുന്നു ഇവിടുത്തുകാരുടെ ശുദ്ധജലത്തിന് ഉള്ള ഏക ആശ്രയം. വേനൽ ആരംഭിക്കുമ്പോൾ ടാങ്കറിൽ വെള്ളം എത്തിക്കും. പമ്പിംഗിലെ തകരാറും പൈപ്പ് ലൈനിലെ പ്രശ്നങ്ങളും ഉയർന്ന പ്രദേശവും എല്ലാം കൂടി ചേർന്നതോടെ മഴക്കാലത്ത് പോലും ഇവർക്ക് കുടിവെള്ളം സുലഭമായി ലഭിച്ചിരുന്നില്ല.
കിണർ നിർമ്മിച്ച് ശുദ്ധജലം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഉയർന്ന പ്രദേശം ആയതിനാൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഭൂഗർഭജല അതോറിറ്റിക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് ഉന്നതതല ഉദ്യോഗസ്ഥ സംഘമെത്തി സ്ഥലം പരിശോധിച്ചു. അവരുടെ നിർദ്ദേശ പ്രകാരം കിണർ നിർമ്മിച്ചു.
നഗരസഭയുടെ 61 ലക്ഷം രൂപയും എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയും ചെലവഴിച്ച് മാർച്ചിലാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. കിണർ നിർമ്മാണത്തിനു പുറമെ 42,000 ലിറ്റർ സംഭരണശേഷിയുള്ള ജല സംഭരണിയും നിർമ്മിച്ചിട്ടുണ്ട്. ഇവിടെനിന്നും പൈപ്പ് വഴി ഓരോ വീട്ടിലേക്കും ജലമെത്തിക്കുന്നു. ജല വിതരണത്തിന്റെ തുടർപ്രവർത്തങ്ങൾക്കായി വാർഡ് തലത്തിൽ ഗുണഭോക്തൃ സമിതിയും പ്രവർത്തിക്കുന്നുണ്ട്.