ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്നതിൽ നിന്നും ഉയർന്ന് ഓരോ വാർഡ് തലത്തിലും എല്ലാ സൗകര്യങ്ങളുമുള്ള കളിക്കളം ഒരുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും പ്രായഭേദമന്യേ ഒത്തുകൂടാനും ശാരീരികവും മാനസികവുമായ ഉണർവുണ്ടാക്കാനും കൂടി ഉദ്ദേശിച്ചുള്ള കളിക്കളത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന.  എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടും മറ്റു ധനാഗമന മാർഗ്ഗങ്ങളായ പ്ലാൻ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, സി.എസ്.ആർ ഫണ്ടുകൾ, പൊതുസ്വകാര്യ പങ്കാളിത്തം, മറ്റ് സർക്കാർ വിഹിതം എന്നിവ ചേർത്ത് കൊണ്ടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നത്.  460 പഞ്ചായത്തുകളിലാണ് സംസ്ഥാനത്തൊട്ടാകെ കളിക്കളം നിർമ്മിക്കുക.

പുതിയ കളിക്കളങ്ങൾ ഒരുങ്ങുമ്പോൾ തന്നെ നേരത്തെ ഉള്ള കളിക്കളങ്ങൾ കായിക ആവശ്യത്തിനല്ലാതെ മറ്റു പല കാര്യങ്ങൾക്കുമായി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്നും ആ കളിക്കളങ്ങൾ വീണ്ടെടുക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം.  കളിക്കളങ്ങളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും ശ്രദ്ധ പതിയണം.

കായികരംഗത്ത് എക്കാലവും മികവ് പ്രകടിപ്പിക്കുന്ന സംസ്ഥാനത്തിന് കൂടുതൽ ഉന്നതിയിൽ എത്താൻ കഴിയണം. ജനങ്ങളുടെ ശാരീരികക്ഷമത മികച്ച നിലവാരത്തിൽ സൂക്ഷിക്കാനും കളിക്കളങ്ങൾ സഹായിക്കും.  സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിപാടിയിൽ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. കളിക്കളങ്ങളുടെ തുടർച്ചയായി 465 സ്റ്റേഡിയങ്ങൾ കൂടി നിർമിക്കാൻ ഉദ്ദേശ്യമുണ്ടെന്നും ഇതിനുവേണ്ടി 500 കോടി രൂപ ചെലവിടുമെന്നും കായിക മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സുധീർ, കായികവകുപ്പ് ഡയറക്ടർ പ്രേംകൃഷ്ണൻ എസ്, അഡീഷണൽ ഡയറക്ടർ സീന എ.എൻ എന്നിവർ സംസാരിച്ചു.