പുതിയ കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു 

116 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉദയംപേരൂര്‍ ഗവ.വി.ജെ.ബി. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കെട്ടിടം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. ഉദയംപേരൂര്‍ ഗവ.വി.ജെ.ബി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരും മികച്ച രീതിയില്‍ കുട്ടികളോട് ഇടപഴകണം. ഓരോ ടീച്ചറും ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താവാണ്. പഠന കാര്യങ്ങളില്‍ മാത്രമല്ല, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ കാര്യങ്ങള്‍ മനസിലാക്കാനും അധ്യാപകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കും മുന്‍പ് യൂണിഫോമും പുസ്തകങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

മുന്‍ എം എല്‍ എ ആയിരുന്ന അഡ്വ.എം. സ്വരാജിന്റെ അഭ്യര്‍ത്ഥന പ്രകാരം ലഭ്യമായ ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വി.ജെ.ബി.എസിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 4811 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളിലായി നാല് ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം, ഒരു ഹാള്‍, ടോയ്‌ലെറ്റ്, ഒരു വാഷ് ഏരിയ എന്നീ സൗകര്യങ്ങളുള്ള കെട്ടിടമാണ് പൂര്‍ത്തിയാകുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന കാഘട്ടം ഇന്ന് മാറിയെന്നും സ്‌കൂളിന് പ്ലാന്‍ ഫണ്ട് അനുവദിച്ച എം.സ്വരാജിന് പ്രത്യേകം അഭിനന്ദനമറിയിക്കുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ബാബു എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എ. ഗോപി, തൃപ്പുണിത്തുറ എ.ഇ.ഒ. രശ്മി കെ.ജെ. , തൃപ്പൂണിത്തുറ ബി.പി.സി. ധന്യ ചന്ദ്രന്‍, പ്രധാന അധ്യാപിക ഷൈനി മാത്യു, പി.ടി.എ. പ്രസിഡന്‌റ്‌
വിനോഷ് കുമാര്‍ പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.