‘ഷീ സ്റ്റാര്‍ട്സ്’-ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം

കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 22ന് രാവിലെ കളമശ്ശേരി സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. 22, 23 തീയതികളിലാണ് പരിപാടികള്‍.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ‘ഷീ സ്റ്റാര്‍ട്സ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും. സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി) നടപ്പാക്കാന്‍ പുതുതായി അനുവദിച്ച പത്തു ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്നോളജി എക്സ്പോയുടെ ഉദ്ഘാടനം നിയമ, വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1500ഓളം സംരംഭകര്‍ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളെ കുറിച്ചുള്ള സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്ക്കല്‍, സംരംഭക മീറ്റ്, മെഷീനറി-ടെക്നോളജി എക്സ്പോ, മികച്ച സംരംഭകരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും.

‘ഷീ സ്റ്റാര്‍ട്ട്സ്’ പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇതുവഴി മൂന്നു ലക്ഷത്തോളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാന്‍ കഴിയും. ഈ സാമ്പത്തിക വര്‍ഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള എസ്.വി.ഇ.പി പദ്ധതി നിലവില്‍ 15 ബ്ലോക്കുകളിലാണ് നടപ്പാക്കുന്നത്. പുതുതായി നേമം (തിരുവനന്തപുരം), വെട്ടിക്കവല (കൊല്ലം), കോയിപ്രം (പത്തനംതിട്ട), ഏറ്റുമാനൂര്‍ (കോട്ടയം), ആലങ്ങാട് (എറണാകുളം), പഴയന്നൂര്‍ (തൃശൂര്‍), തൃത്താല (പാലക്കാട്), പെരുമ്പടപ്പ് (മലപ്പുറം), കുന്നുമ്മല്‍ (കോഴിക്കോട്), തളിപ്പറമ്പ് (കണ്ണൂര്‍) എന്നീ പത്തു ബ്ലോക്കുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും.

സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍ പരിചയപ്പെടുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് മെഷീനറി-ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി ഒട്ടേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്നുണ്ട്.