2022 ഒക്ടോബറില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ യെല്ലൊ’ പദ്ധതിപ്രകാരം അനര്‍ഹമായി കൈവശം വെച്ച 1,41,929 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡ് ഉടമകളില്‍ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍.
ഇതില്‍ 4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറിലും 1967 എന്ന ടോള്‍ഫ്രീ നമ്പറിലും ആണ് അനര്‍ഹമായി കൈവശംവെച്ച കാര്‍ഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നത്.
ഇങ്ങനെ ലഭ്യമായ പരാതികള്‍ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസര്‍/സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരില്‍ നിന്നും അവര്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 82,172 പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകളും 2,63,070 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുകളും 6938 എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,52,180 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,18,197 പിങ്ക് കാര്‍ഡുകളും 24,233 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,42,430 മുന്‍ഗണനാ കാര്‍ഡുകള്‍ തരം മാറ്റി നല്‍കുകയും ചെയ്തു.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി 50,93,465 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 50,72,719 എണ്ണം തീര്‍പ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 5147 പേര്‍ക്ക് പുതിയതായി കാര്‍ഡ് നല്‍കുകയും ചെയ്തു.
മാര്‍ച്ച് മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍ പരിപാടിയില്‍ 23 പരാതികളാണ് ലഭിച്ചത്. പതിനഞ്ചോളം പരാതികള്‍ മുന്‍ഗണനാ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു. സര്‍ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20ന് 50,479 കാര്‍ഡുകള്‍ വിതരണം ചെയ്തു. മറ്റു പരാതികള്‍ റേഷന്‍ വിതരണം സംബന്ധിച്ചും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ചുള്ളതായിരുന്നെന്നും ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.