മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ പോലീസിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ‘പോലീസുകാർക്ക് ഇവിടെന്ത് കാര്യം’ ? എന്ന് സംശയം ചോദിക്കുമ്പോൾ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തെ കുറിച്ച് സ്റ്റാളിൽ ഉള്ളവർ പറഞ്ഞുതരും. പോലീസ് സേനയ്ക്ക് താങ്ങും തണലുമായി പ്രവർത്തിക്കുകയാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. ഇതിന് പുറമെ ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുമുണ്ട് പോലീസിന്. ഭവന നിർമ്മാണ വായ്പയായി പോലീസുകാർക്ക് 40 ലക്ഷം രൂപ വരെയാണ് നൽകുന്നത്. ഇപ്പോൾ 75 ലക്ഷം ആക്കാൻ ബോർഡ് തീരുമാനിച്ചു കഴിഞ്ഞു. പലിശ 8.9 ശതമാനം മാത്രമാണ്. കൂടാതെ ഗൃഹനിർമ്മാണ സാമഗ്രികൾ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും, ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും വായ്പയായി നൽകുന്നുണ്ട്. മറ്റ് ബാങ്കുകളിലുള്ള ഭവന നിർമ്മാണ വായ്പ സംഘത്തിലേക്ക് മാറ്റുന്നതിനും വായ്പയുണ്ട്. ഭവന നിർമ്മാണ വായ്പ എടുത്തവർക്ക് 7.5 ലക്ഷം രൂപ അധിക വായ്പയായും നൽകും. ഏഴ് ലക്ഷം രൂപ വരെ വാഹന വായ്പയായും വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പയായി അഞ്ച് ലക്ഷം രൂപയും നൽകിവരുന്നു.
വായ്പകൾക്ക് പുറമേ സംഘത്തിൻറെ ക്ഷേമ പദ്ധതികളും ശ്രദ്ധേയമാണ് . അപകട മരണം സംഭവിക്കുന്ന സംഘാഗംങ്ങളുടെ കുടുംബത്തിന് 20 ലക്ഷം രൂപ വരെ ഇൻഷുറൻസ് പദ്ധതിയിൽ നൽകും. മരണപ്പെടുന്ന സംഘാംഗത്തിന്റെ വായ്പ പൂർണമായും സംഘം ഏറ്റെടുക്കും. കുടുംബത്തിന് പ്രതിവർഷം മൂന്നുലക്ഷം രൂപ വരെ ചെലവ് നൽകുന്ന ചികിത്സാസഹായ പദ്ധതിയിൽ , സങ്കീർണ്ണമായ അസുഖങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ നൽകും. 1982 മുതൽ പ്രവർത്തിക്കുന്ന 53622 അംഗങ്ങളുള്ള സംഘത്തിൻ്റെ പ്രവർത്തന മൂലധനം 1161 കോടിയാണ്. മനോജ് എബ്രഹാം ഐപിഎസ് പ്രസിഡന്റും സി.ആർ ബിജു വൈസ് പ്രസിഡൻ്റുമായ സംഘത്തിലെ സെക്രട്ടറി സാലിമോൾ കോശിയാണ് . ഇവർക്കൊപ്പം 13 ഡയറക്ടർമാർ അടങ്ങുന്ന ഭരണസമിതിയാണ് സംഘത്തെ നിയന്ത്രിക്കുന്നത്.