ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൂടോത്തുമ്മല്‍ ടൗണില്‍ ശുചീകരണം നടത്തി. ‘വലിച്ചെറിയല്‍ മുക്ത കേരളം’ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ചീക്കല്ലൂര്‍ ദര്‍ശന വായനശാല പ്രസിഡന്റ് ശിവന്‍ പിള്ള, സെക്രട്ടറി പി. ബിജു തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

നിലവില്‍ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ വായനശാല പ്രവര്‍ത്തകരുടെയും മറ്റു സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട്. കടകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക്, പേപ്പര്‍ എന്നിവ പ്രത്യേകം ശേഖരിക്കുന്നതിനായി ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വായനശാല പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും വലിച്ചെറിയുന്നതിനെതിരെയും അജൈവ മാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുന്നതിനും പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പറഞ്ഞു.