· ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള
· എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍
· 11 സെമിനാറുകള്‍
· ടെക്‌നോ ഡെമോ ഏരിയകള്‍
· കുട്ടികള്‍ക്കായി കുരുത്തോലക്കളരി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച തുടങ്ങും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന മേള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വൈകീട്ട് അഞ്ചിന്‌  ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പത്മശ്രീ അവാര്‍ഡ് ജേതാവായ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും. എം.എല്‍.എ മാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയ്യാറാക്കിയ ശീതീകരിച്ച ജര്‍മ്മന്‍ പവലിയനിലാണ് മേള നടക്കുക. എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് 4.30ന് നടക്കും. കേരളം കൈവരിച്ച സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ അടുത്തറിയാം. യുവതയുടെ കേരളം എന്നതാണ് ഇത്തവണത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആശയം. സാങ്കേതികമായി നവ കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്‌നോ സോണ്‍ അടക്കം മേളയില്‍ പ്രത്യേകമായി സജ്ജീകരിക്കുന്നുണ്ട്. ഏറ്റവും മികച്ച സ്റ്റാള്‍, ഏറ്റവും മികച്ച ഭക്ഷ്യ സ്റ്റാള്‍, മാധ്യമ കവറേജ് എന്നിങ്ങനെ മേളയെ ആകര്‍ഷണീയമാക്കിയവര്‍ക്കുള്ള അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.എം. എന്‍.ഐ.ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,  എൻ്റെ കേരളം സംസ്ഥാന കോർഡിനേറ്റർ കെ.ജി.ജയപ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആകര്‍ഷകമായ 202 സ്റ്റാളുകള്‍

പ്രദര്‍ശന വിപണനമേളയില്‍ 202 സ്റ്റാളുകളാണുളളത്. വ്യവസായ വകുപ്പിന്റെ മാത്രം 111 സ്റ്റാളുകള്‍ മേളയുടെ ആകര്‍ഷകമാകും. വ്യവസായ വകുപ്പിന്റെ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെയും വിവിധ യൂണിറ്റുകളുടെയും സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും. ബി.ടു.ബി (ബിസിനസ് ടു ബിസിനസ്) ഏരിയയും മേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്. 500 ഓളം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ 111 കോമേഴ്‌സ്യല്‍ സ്റ്റാളുകളിലായി പ്രദര്‍ശന വിപണന മേളയിലുണ്ടാകും. വ്യവസായ വാണിജ്യ വകുപ്പിന്റെ 200 സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ 85 സ്റ്റാളുകളിലുണ്ടാകും. എന്‍ ഊരിന്റെ 15 കലകാരന്മാര്‍ അഞ്ച്‌ സ്റ്റാളുകളിലും 300 ഓളം കുടുംബശ്രീകള്‍ 16 സ്റ്റാളുകളിലും അണിനിരക്കും. വയനാട് മില്‍മയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഖാദി ആന്‍ഡ്‌ വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, വയനാട് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവരും മേളയിലുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് കയര്‍ വികസന വകുപ്പിന്റെയും പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് തൃശ്ശൂരില്‍ നിന്നുള്ള പൈലറ്റ് സ്മിത്ത് മുബൈയില്‍ നിന്നുള്ള മെഷിനറി യൂണിറ്റുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ടെക്‌നോ ഏരിയകള്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന പഴയ മാരുതി ടൂവീലര്‍ ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരിവര്‍ത്തനം നടത്തിയ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ജലം ഇന്ധനമാക്കിയ ജനറേറ്ററും നൂതന ആശയങ്ങള്‍ക്കൊപ്പം മേളയുടെ വിസ്മയ കാഴ്ചകളാകും. കൂടാതെ ചിത്ര രചനയും പാരമ്പര്യ ആയൂര്‍വേദ വിഭാഗത്തിന്റെ പ്രത്യേക ട്രീറ്റ്‌മെന്റും മേളയ്ക്ക് മാറ്റ് ഒരുക്കുന്നു. വ്യവസായ വാണിജ്യ വകുപ്പ് ബി 2 ബിയും ലോണ്‍ മേളയും ഇ കോമേഴ്സും മേളയില്‍ ഏറ്റവും പ്രാധാന്യവും നല്‍കുന്ന വേദിയാണ്. 1600 ചതുരശ്ര അടിയില്‍ ഒരുക്കിയ ബി2ബിയും ലോണ്‍ മേളയും സംഘടിപ്പിക്കുന്നു. ജില്ലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പാഷന്‍ ഫ്രൂട്ടിലും കാന്താരിയിലും തീര്‍ത്ത രുചിയേറിയ ഐസ്‌ക്രീമുകള്‍, മത്സ്യ മാംസ വിഭവങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശന വിപണനത്തിനായി മേളയിലുണ്ടാവുക. ലൈവ് ഡെമോ ഏരിയകളും ഉണ്ടായിരിക്കും. ഇതിന് പുറമെ വിവിധ വകുപ്പുകളുടെ 91 സ്റ്റാളുകളും എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മാറ്റുകൂട്ടും.

കാലിക പ്രസക്തമായ സെമിനാറുകള്‍

ഏപ്രില്‍ 25 രാവിലെ 10.00 ന് കാലാവസ്ഥ വ്യതിയാനം മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികള്‍ (മൃഗസംരക്ഷണ വകുപ്പ്), ഉച്ചയ്ക്ക് രണ്ടിന്‌ മണ്ണു സംരക്ഷണം നീര്‍ത്തടാധിഷ്ഠിത വികസനം മണ്ണിന്റെ ആരോഗ്യം (മണ്ണു സംരക്ഷണ വകുപ്പ്), ഏപ്രില്‍ 26 രാവിലെ 10.00 ന് രജത ജൂബിലി നിറവില്‍ കുടുംബശ്രീ, സ്ത്രീ ശാക്തീകരണത്തിന്റെ 25 വര്‍ഷങ്ങള്‍ (കുടുംബശ്രീ), ഉച്ചയ്ക്ക് രണ്ടിന്‌ ഹോമിയോപ്പതി പദ്ധതികള്‍ സാധ്യതകള്‍ ഒപ്പമുണ്ട് ഹോമിയോപ്പതി (ഹോമിയോ വകുപ്പ്), ഏപ്രില്‍ 27 രാവിലെ 10.30 ന് ശുചിത്വ മാലിന്യ സംസ്‌ക്കരണം സാധ്യതകള്‍ വെല്ലുവിളികള്‍ ( തദ്ദേശ സ്വയം ഭരണ വകുപ്പ്), ഉച്ചയ്ക്ക് രണ്ടിന്‌ സുസ്ഥിര സാഹസിക വിനോദ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 11 സെമിനാറുകള്‍ നടക്കും. പ്രധാന വേദിയിലാണ് സെമിനാര്‍ അവതരണം നടക്കുക. സെമിനാറില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.

ഏപ്രില്‍ 28 രാവിലെ 10.00 ന് ശിശു സംരക്ഷണ പദ്ധതികള്‍ ,നിയമങ്ങള്‍, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, പോഷകാഹാരം നിത്യജീവിതത്തില്‍ (വനിതാ ശിശുവികസന വകുപ്പ്) ഉച്ചയ്ക്ക് രണ്ടിന്‌ വയോജനങ്ങള്‍,ഭിന്നശേഷിക്കാര്‍ ,ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവരോടുള്ള പ്രതിബദ്ധത ( സാമൂഹ്യ നീതിവകുപ്പ്). ഏപ്രില്‍ 29 രാവിലെ 10.00 ന് മൂല്യവര്‍ദ്ധിത മത്സ്യഉല്‍പ്പന്നങ്ങള്‍, മത്സ്യ സംസ്‌കരണം ( ഫിഷറീസ് വകുപ്പ്), ഏപ്രില്‍ 30 രാവിലെ 10.00 ന് നല്ല ശീലം, യോഗാ ഡാന്‍സ്, ജീവിത ശൈലി രോഗപ്രതിരോധം, ഫുഡ് എക്‌സ്‌പോ, വിളര്‍ച്ച, പ്രമേഹ രോഗ നിര്‍ണ്ണയം (ഭാരതീയ ചികിത്സാ വകുപ്പ്) സെമിനാറുകള്‍ നടക്കും.

സാംസ്‌കാരിക പരിപാടികള്‍

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ എല്ലാദിവസവും വൈകീട്ട് 6.30 ന് സംസ്ഥാനത്തെ പ്രമുഖരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. എപ്രില്‍ 24 ന് ഏക് ജാ ഗലാ ലൈവ് മ്യൂസിക് ഫെസ്റ്റ് അരങ്ങോറും. ലക്ഷ്മിജയന്‍, ഇഷാന്‍ദേവ്, വിപിന്‍ സേവ്യര്‍ തുടങ്ങിയവര്‍ സംഗീത പരിപാടി അവതരിപ്പിക്കും. . 25 ന് 06.30 ഇശല്‍ നൈറ്റ് ,സര്‍ഗ്ഗധാര പട്ടുറുമാല്‍ ഫെയിംസ്, 26 ന് സോള്‍ ഓഫ് ഫോക്ക് , പാലപ്പളളി ഫെയിം അതുല്‍ നറുകര സംഘം, 27 ന് കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ, 28 ന് അക്രോബാറ്റിക് ഷോ, സ്‌കോര്‍പിയോണ്‍സ് ഡാന്‍സ് കമ്പനി കൊല്ലം, ഉണര്‍വ്വ് നാട്ടുത്സവം വയനാട്, 29 ന് ഗസല്‍ മാന്ത്രികന്‍ ഷഹബാസ് പാടുന്നു, 30 ന് തുടിതാളം നാടന്‍ കലാമേള, 06.30 ന് ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായുള്ള ആക്ടിവിറ്റി ഏരിയയില്‍ 26 ന് രാവിലെ പത്തരയ്ക്ക് ആഷോ സമം കോഴിക്കോട് കുട്ടികള്‍ക്കായി മധുരമീ ബാല്യം എന്ന പേരില്‍ കുരുത്തോലക്കളരി നടത്തും. അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് തെങ്ങോലകളില്‍ നിന്നും കളിപ്പാട്ടം അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

വൈവിധ്യങ്ങളുടെ ഭക്ഷ്യമേള

കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ഇത്തവണ നടക്കും. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കും. തനത് രുചികള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ടാകും. പ്രധാന വേദിയോട് ചേര്‍ന്ന് വിശാലമായ ഫുഡ് കോര്‍ട്ട് മേളയുടെ മറ്റൊരു ആകര്‍ഷണമായിരിക്കും. രാവിലെ 10.30 മുതല്‍ ഓരോ ദിവസവും രാത്രി മേള തീരുന്നത് വരെയും ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കും.