വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന സൗഹൃദ സദസ്സ്  ഏപ്രിൽ 25ന് രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  കെ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. എം പിമാർ, എം എൽ എ മാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് വന സൗഹൃദ സദസ്സ് നടത്തുന്നത്. വനാതിർത്തിയോട് ചേർന്നു താമസിക്കുന്ന പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ പരിഹരിക്കൽ, വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സ്വീകരിക്കൽ, വകുപ്പ് പദ്ധതികൾ വിശദീകരിക്കൽ എന്നിവ നടക്കും. സംസ്ഥാനത്തെ 20 വേദികളിലായാണ് വന സൗഹൃദസദസ് സംഘടിപ്പിച്ച് വരുന്നത്.