‘നവകേരളം വൃത്തിയുള്ള കേരളം’ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
മാലിന്യ സംസ്കരണത്തെ കുറിച്ച് പൊതുജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിന്റെ രീതിയും ശൈലിയും മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമായ രീതിയില്‍ നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാലിന്യസംസ്കരണത്തില്‍ ജനങ്ങളുടെ മനോഭാവത്തിന് മാറ്റം വരുത്താന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ പറഞ്ഞു. മാലിന്യ സംസ്കരണം സംബന്ധിച്ച് ജനങ്ങളുടെ മനോഭാവം മാറുന്നതിന് കൃത്യമായ ബോധവത്ക്കരണവും സംവിധാനവും ഒരുക്കണം.
നഗരസഭകള്‍ അവരുടെ പരിധിയിലുള്ള റസിഡന്‍സ് അസോസിയേഷനുകളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായം സ്വീകരിക്കണം. പൊതു ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുകയോ വൃത്തിയാക്കിയ ഇടങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് ജനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കുകയോ ചെയ്യണം. വഴിയരികിലെ മാലിന്യം നീക്കം ചെയ്യുകയും മഴയ്ക്ക് മുന്‍പ് ജലാശയങ്ങള്‍ വൃത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുറവുള്ള ഇടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കടുത്ത ചൂടിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലെത്തുന്ന ഇടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന് മൂന്ന് ഘട്ടങ്ങള്‍
ജനകീയ ആസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന് നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനിന്റെ വിവിധ ഘട്ടത്തെ കുറിച്ച് ക്ലാസെടുത്തു. ജൂണ്‍ അഞ്ച് വരെ അടിയന്തരഘട്ടം, ഒക്ടോബര്‍ 31 വരെ ഹ്രസ്വകാലഘട്ടം, 2024 മാര്‍ച്ച് 30 വരെ ദീര്‍ഘകാലഘട്ടം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്.
മാലിന്യത്തിന്റെ ഉറവിടം തരം തിരിക്കല്‍, അജൈവ വസ്തുക്കളുടെ വാതില്‍പ്പടി ശേഖരണം, ജൈവ മാലിന്യം സ്രോതസിലോ സാമൂഹ്യ സംവിധാനത്തിലോ സംസ്കരണം, പൊതു ഇടങ്ങളിലെ മാലിന്യ കൂനകള്‍ നീക്കം ചെയ്യല്‍, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കല്‍, ജനകീയ ഓഡിറ്റ് എന്നിവ അടിയന്തര ഘട്ടത്തിലും ജനകീയ ഓഡിറ്റിലെ വിടവുകള്‍ പരിഹരിക്കല്‍, താത്ക്കാലിക സംവിധാനങ്ങള്‍ക്ക് പകരം സ്ഥിരം സംവിധാനം, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ആധുനികവത്ക്കരണം എന്നിവ ഹ്രസ്വകാലഘട്ടത്തിലും കാലപ്പഴക്കം ചെന്ന ഡമ്പ് സൈറ്റുകള്‍ മാലിന്യം മാറ്റി വീണ്ടെടുക്കല്‍, മാലിന്യ സംസ്കരണത്തിന് സുസ്ഥിര സംവിധാനം ഉറപ്പാക്കല്‍, 2024 മാര്‍ച്ചില്‍ മാലിന്യ മുക്ത സംസ്ഥാനം പ്രഖ്യാപനം എന്നിവ ദീര്‍ഘകാല ഘട്ടത്തിലും ഉള്‍പ്പെടുന്നു.
യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാലഗോപാല്‍, തദ്ദേശ സ്വയം ഭരണ മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.