മൂലത്തറ വലതുകര കനാല്‍ ഒന്നാംഘട്ട ഭൂരേഖ കൈമാറി

കേരളത്തിന് അര്‍ഹമായ ജലം ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ആവശ്യമായ ജലം ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി കേരളത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മൂലത്തറ വലതുകര കനാല്‍ ഒന്നാംഘട്ട ഭൂരേഖ കൈമാറല്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലം ലഭ്യമാക്കാന്‍ കേരളത്തിന് വലിയ സമ്മര്‍ദ്ദം ചെലുത്താനാകും. കേരളത്തെപ്പോലെ ജലം നല്‍കുന്ന മറ്റൊരു സംസ്ഥാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റൂര്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വലിയ ഇടപെടലുകള്‍ നടത്താനായി. കുടിവെള്ളത്തിന് ലോറികളെ ആശ്രയിച്ചിരുന്ന അവസ്ഥയില്‍ നിന്ന് മാറി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമാണ് ചിറ്റൂരെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുരിയാര്‍കുറ്റി പദ്ധതിയുടെ ഡി.പി.ആര്‍ അടുത്തമാസം തയ്യാറാവും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പാലക്കാടും തൃശൂരും ജലക്ഷാമത്തിന് അറുതിവരുമെന്നും അദ്ദേഹം പറഞ്ഞു.

മേജര്‍ ഇറിഗേഷന്‍ പദ്ധതികളില്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതി ലിങ്ക് ചെയ്ത രാജ്യത്തെ ഏക പദ്ധതിയാണ് ആര്‍.ബി.സി.

ആര്‍.ബി.സി കനാല്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ 700 കോടി രൂപ വെള്ളത്തിനായി എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഒരു വലിയ തുക എത്തിയ പ്രദേശം കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അധ്യക്ഷനായി.

സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബി. സിന്ധു ഭൂരേഖ ഏറ്റുവാങ്ങി. വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, ചിറ്റൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. സുജാത, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബി. സിന്ധു, എന്‍.കെ മണികുമാര്‍, വി. ഹരിപ്രസാദ്, എ. ബാബുരാജ്, ചിറ്റൂര്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കിരണ്‍ അബ്രഹാം തോമസ്, കെ.ഐ.ഐ.ഡി.സി എം.ഡി ഡോ. സുധീര്‍ പടിക്കല്‍, സ്പെഷല്‍ തഹസില്‍ദാര്‍ സി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.