അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് ഇന്‍ഡക്ഷന്‍, കുക്കര്‍ ഉള്‍പ്പെട്ട 50,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. അതിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍. (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുടുംബ ബഡ്ജറ്റില്‍ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനെന്നും സോളാര്‍ കൂടി സ്ഥാപിച്ചാല്‍ ഗ്യാസ്, വൈദ്യുതി ചാര്‍ജ് തുടങ്ങിയവയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദനം ഇല്ലാത്ത സംസ്ഥാനം കേരളമാണ്. നിലവില്‍ 500 വാട്ട് വൈദ്യുതി ഹൈഡല്‍ പ്രോജക്ടും സോളാറും ചേര്‍ന്ന് ഉത്പാദിപ്പിച്ച് കഴിഞ്ഞു. രണ്ട് കൊല്ലം കൊണ്ട് 2000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനായി ഹൈഡല്‍ പ്രോജക്റ്റിന് വലിയ രീതിയില്‍ മുന്‍ഗണന കൊടുത്തിട്ടുണ്ട്.

ലൈഫ് മിഷന്‍ വീടുകള്‍ക്ക് സോളാര്‍ സ്ഥാപിക്കുന്നുണ്ട്. എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനായി 100 കോടി രൂപ ചെലവഴിക്കും. അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ പ്രിസിഷന്‍ ഫാമിങ് നടത്തുന്നുണ്ടെന്നും കോള്‍ഡ് സ്റ്റോറേജിന്റെ വൈദ്യുതി ചാര്‍ജ് മൂന്ന് രൂപയായി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിറ്റൂര്‍-തത്തമംഗലം നഗരസഭയയ്ക്ക് പുറമേ കായംകുളം കൃഷ്ണപുരത്തെ കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റ്, വടകര കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റ്, പെരിന്തല്‍മണ്ണ നഗരസഭയിലെ മൂസക്കുട്ടി സ്മാരക മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം അതത് സ്ഥലം എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയായ പരിപാടിയില്‍ ആദ്യ വൈദ്യുതി വാഹനത്തിന്റെ ചാര്‍ജിങ് കെ.എസ്.ഇ.ബി.എല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡയറക്ടറും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി. മുരുകദാസ് നിര്‍വഹിച്ചു. 60 കെ.ഡബ്ല്യു, 22 കെ.ഡബ്ല്യു ശേഷിയുള്ള രണ്ട് ഗണ്ണുകളാണ് (ചാര്‍ജ്ജ് ചെയ്യുന്ന പോര്‍ട്ട്) നിലവില്‍ സ്റ്റേഷനില്‍ ഉപയോഗിക്കുക.

ഭാവിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 60 കെ.ഡബ്ല്യു ഷാഡമോ ഗണ്ണും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 രൂപയും ജി.എസ്.ടി.യുമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ നിന്നും ഈടാക്കുക. 60 കെ.ഡബ്ല്യു ശേഷിയുള്ള മെഷീന്‍ ആയതിനാല്‍ ശേഷി കൂടിയ ബാറ്ററിയുള്ള ഇ-കാറുകള്‍ക്കും വളരെ വേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍ ആര്‍. കിഷോര്‍ കുമാര്‍, അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേളൂരി, അനെര്‍ട്ട് ഇ-മൊബിലിറ്റി ഡിവിഷന്‍ മേധാവി മനോഹരന്‍, രാഷ്ട്രീയ പ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍ പങ്കെടുത്തു. കുളപ്പുള്ളി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച പബ്ലിക് ഇ.വി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു.

കുളപ്പുള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ. ജയപ്രകാശ് അധ്യക്ഷനായി. ഉദ്ഘാടനശേഷം ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് ആദ്യ ഇലക്ട്രിക് വാഹനം ചാര്‍ജിങ് നടത്തി. ഷൊര്‍ണൂര്‍ നഗരസഭ സെക്രട്ടറി രാജേഷ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി. സിന്ധു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ജി. മുകുന്ദന്‍, അനെര്‍ട്ട് ജില്ലാ പ്രൊജെക്ട് എന്‍ജിനീയര്‍ കെ.വി പ്രിയേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.