റവന്യൂ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അവിടനല്ലൂർ വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ.ഗീത സ്വാഗതം ആശംസിച്ചു.

51.98 ലക്ഷം രൂപ ഉപയോഗിച്ച് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. ലോഡ് ബിയറിംങ് സ്ട്രക്ച്ചറായി നിർമ്മിച്ച രണ്ട് നില കെട്ടിടമാണ് വില്ലേജ് ഓഫീസിനായി പണി പൂർത്തിയാക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് മുറി, വില്ലേജ് ഓഫീസറുടെ മുറി, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ മീറ്റിംഗ് ഹാളും, സ്റ്റോറേജ് റൂമും, സ്റ്റാഫുകൾക്കുളള ടോയിലറ്റും ക്രമീകരിച്ചിട്ടുണ്ട്.

നിർമ്മിതി കേന്ദ്രം അസി. പ്രൊജക്റ്റ്‌ മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, ജില്ലാ -ബ്ലോക്ക്‌- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൊയിലാണ്ടി തഹസിൽദാർ സി. പി മണി നന്ദി പറഞ്ഞു.