വയനാടന്‍ ഗോത്രജനതയ്‌ക്ക് തണലൊരുക്കി പച്ചപനയോല പന്തലില്‍ എന്‍ ഊരു ഗോത്രപൈതൃക ഗ്രാമം. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനമേളയിലാണ് എന്‍ ഊരിന്റെ സ്‌റ്റാള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വയനാടിന്റെ ഗോത്ര പൈതൃകങ്ങളെ തൊട്ടറിയാന്‍ ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന വൈത്തിരിയിലെ എന്‍ ഊരുവാണ് വൈവിധ്യങ്ങളെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലുമെത്തിക്കുന്നത്. പനയോലകള്‍ കൊണ്ട് അലങ്കരിച്ച സ്‌റ്റാളിന്റെ ഒരു കോണില്‍ ചെറുകര അഞ്‌ജനക്കാവില്‍ നിന്നുമെത്തിയ മോഹനന്‍ കുട്ടമെടയുന്നു. മുളചീന്തിലും ഓടയിലുമെല്ലാം കുട്ട, ചാട മുതല്‍ കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനുമെല്ലാം ഒരു കാലത്ത് ആശ്രയമായിരുന്ന പകൃതി സൗഹൃദ ഉപകരണങ്ങള്‍ ാേഹനന്‍ പുതിയ തലമുറയ്‌ക്കായി പരിചയപ്പെടുത്തുന്നു. ആവശ്യക്കാര്‍ പറയുന്നതിനുസരിച്ച് നിര്‍മ്മിച്ചും നല്‍കുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി കുറിച്യ വിഭാഗത്തില്‍പ്പെട്ട മോഹനന്‍ എന്‍ ഊരുവില്‍ പരമ്പരാഗത നിര്‍മ്മിതികളുമായി ജീവിത വരുമാനം കണ്ടെത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മേളയും മോഹനന് പ്രതീക്ഷയാവുകയാണ്. ഇതേ സ്റ്റാളില്‍ തൃക്കെപ്പറ്റയില്‍ നിന്നുള്ള ശിവന്‍ പനായി കരകൗശല ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തുന്നു. പാരരമ്പര്യ ഗോത്ര വൈദ്യത്തിനെയും പ്രകൃതിയില്‍ നിന്നുള്ള ഔഷധങ്ങളെയും ഇവിടെ നിന്നും പരിചയപ്പെടാം. ജീവിത ശൈലി രോഗങ്ങള്‍ക്കും മറ്റുമുള്ള ഒറ്റമൂലികളും ഇവിടെ നിന്നും വാങ്ങാം. മോപ്പാടിയില്‍ നിന്നുള്ള തച്ചനാടന്‍ വിഭാഗത്തില്‍ നിന്നുള്ള പാരമ്പര്യ വൈദ്യന്‍ സി.കൃഷ്‌ണനാണ് പാരമ്പര്യ വൈദ്യത്തെ കുറിച്ച് സംസാരിക്കാന്‍ മുഴുവന്‍ സമയം ഈ സ്‌റ്റാളിലുള്ളത്. വിശ്വാസ് ഗോള്‍ഡ് എന്ന പേരില്‍ അടിമവേലയില്‍ നിന്നും ആദിവാസികളെ പുനരധിവസിപ്പിച്ച പ്രീയദര്‍ശിനി തേയിലത്തോട്ടമാണ് വയനാടിന്റെ സ്വന്തം ചായ സ്‌റ്റാളില്‍ അവതരിപ്പിക്കുന്നത്. രാജ്യാന്തര കയറ്റുമതിയില്‍പ്പോലും ഇതിനകം ശ്രദ്ധേയമായ ഒന്നാന്തരം ചായപ്പൊടി ഇവിടെ വില്‍പ്പനയ്‌ക്കുണ്ട്. കിലോയ്‌ക്ക് 220 രൂപ നിരക്കില്‍ ഇവിടെ നിന്നും ലഭിക്കും. കാലങ്ങള്‍ക്ക് മുമ്പേ കടല്‍ കടന്നുപോയ വയനാടന്‍ കുരുമുളകിന്റെയും മഞ്ഞളിന്റെയും ഖ്യാതികള്‍ നാടെങ്ങുമുള്ളപ്പോഴും എവിടെ കിട്ടും എന്ന ചോദ്യത്തിന് ഉത്തരമായി സുഗന്ധിക്കാരും മേളയിലുണ്ട്. ശുദ്ധായതും കലര്‍പ്പില്ലാത്തതുമായ വയനാടന്‍ മഞ്ഞളും കരുമുളകുമെല്ലാം മഴയും മഞ്ഞും പെയ്യുന്ന സുഗന്ധഗിരി നെറുകയില്‍ നിന്നും മേളയിലെത്തിച്ചിട്ടുണ്ട്. സുഗന്ധഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ഇവയെല്ലാം പായ്‌ക്ക് ചെയ്‌ത് എന്റെ കേരളം എന്‍ ഊരു സ്റ്റാളിലെത്തിച്ചത്. വയനാട്ടിലെ ആദ്യകാല ഗോത്ര പുനരധിവാസ കേന്ദ്രമായ സുഗന്ധഗിരി സ്വന്തം ബ്രാന്‍ഡില്‍ ഇവയെല്ലാം അവതരിപ്പിക്കുന്നതോടെ വയനാടിന്റെ തനത് ഉത്‌പന്ന വിപണിയും ജനശ്രദ്ധനേടുകയാണ്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വനഗ്രാമമായ ചുരുളിയില്‍ നിന്നുമുളള കാപ്പിപ്പൊടിയും കുരുമുളക് പൊടി എന്നിവയെല്ലാം ഈ സ്റ്റാളില്‍ വില്‍പ്പനയ്‌ക്കായി ഒരുക്കിയിട്ടുണ്ട്. ലൈവ് ആക്ടിവിറ്റി ഏരിയയും ഇവിടെയുണ്ട്. തത്സമയ പോര്‍ട്രയിറ്റ് വരയുമായി ദ്വരാക പുലിക്കാട് കോളനിയില്‍ നിന്നുമുള്ള മാവേലിക്കര രാജാരവിവര്‍മ്മ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഫൈന്‍ ആര്‍ട്‌സ് ബിരുദ വിദ്യാര്‍ഥി കൂടിയായ ജിനുവും ചിത്രം വരയുമായി ബബിതയും രാഗേഷുമുണ്ട്. പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ജീവിതവും വരുമാനവും കണ്ടെത്തുന്നതിനായി പട്ടികവര്‍ഗ്ഗ വികസനവകുപ്പം ടൂറിസവകുപ്പും ചേര്‍ന്ന് ആവിഷ്‌കരിച്ച എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിന്റെ വൈവിധ്യമാര്‍ന്ന സ്റ്റാള്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായി പ്രദര്‍ശന നഗരിയില്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പരിസ്ഥിതി സസൗഹൃദവും തനത് ജീവിത ചാരുതകളുമായി എന്‍ ഊര് സ്റ്റാള്‍ മേളയുടെയും പ്രധാന ആകര്‍ഷണമാണ്.
