ഗദാമാരി, ആപ്പിള്‍ ആകൃതിയിലുള്ള ആപ്പിള്‍ റുമാനിയ, ഒരെണ്ണം കഴിച്ചാല്‍ വയറുനിറയുന്ന ഓംലൈറ്റ്‌ മാങ്ങ, ട്യൂബ്‌ ലൈറ്റ്‌ മാങ്ങ, നാട്ടി മാങ്ങുടെ ഏഴിനങ്ങള്‍ ഇങ്ങനെ മാധുരിക്കും മാങ്ങകളുമായി കാര്‍ഷിക സമൃദ്ധിയുടെ നീണ്ട കാഴ്‌ചകള്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ എന്റെ കേരളം സ്റ്റാളാണ്‌ വേറിട്ടകാഴ്‌ചയും അനുഭവങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്‌.

പാലക്കാട്‌ മുതലമടയിലെ മാങ്ങാ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ലഭ്യമാക്കിയ 30 ഇനം മാങ്ങകാളാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഈ മാമ്പഴക്കാലത്ത്‌ വയനാട്ടിലേക്ക്‌ ചുരം കയറിയെത്തിയ ഈ മാങ്ങകളുടെ ശേഖരം ഒരേ സമയം വിസ്‌മയവും കൗതുകവുമാണ്‌. സാധാരണ മാങ്ങകളേക്കാള്‍ നാലിരട്ടിയിലധികം വലുപ്പമുള്ള മാങ്ങകള്‍  ഇവിടെ പ്രദര്‍ശനത്തിനായുണ്ട്‌.

വിവിധ നാടുകളില്‍ വിവിധ പേരുകളില്‍  അറിയപ്പെടുന്ന ഈ മാങ്ങകളുടെ പേരും കൗതുകമാണ്‌. പ്രിയൂര്‍, മുണ്ടപ്പ, തോത്തപ്പുരി, ബഡി, സുന്ദരി, കേസര്‍, അല്‍ഫോണ്‍സയും , മള്‍ഗോവയുമെല്ലാം കൂട്ടത്തിലുണ്ട്‌. ബംഗനപ്പള്ളി, ഹിമാപസന്ത്‌ മാങ്ങക‍ൾ ആദ്യമായി കാണുന്നവര്‍ക്കും ഈ സ്റ്റാള്‍ വേറിട്ടതായി മാറുകയാണ്‌.

കൃഷിയിടത്തില്‍ നിന്നും കൃഷി വകുപ്പ്‌ നേരിട്ട്‌ പ്രദര്‍ശന സ്‌റ്റാളിലേക്ക്‌കൊണ്ടുരുന്നവയാണ് ഇവ. മാങ്ങാ കൃഷി പരീക്ഷണത്തിനായുള്ള സംശയങ്ങൾ കൃഷിവകുപ്പ്‌ ഉദ്യാഗസ്ഥരോട്‌ ചോദിച്ചറിയുന്ന തിരക്കിലാണ്‌ കര്‍ഷകര്‍. വയനാട്ടിലെ പരമ്പരാഗത കൃഷി രീതികള്‍ മുതല്‍ ആധുനിക കൃഷി വരെയും കൃഷി വകുപ്പിന്റെ സ്റ്റാളില്‍ പരിചയപ്പെടാം.

ജില്ലയിലെ പരമ്പരാഗത നെല്‍ വിത്തിനങ്ങളുടെയും ചെറുധാന്യങ്ങളുടെയും വിപുലമായ ശേഖരം ഇവിടെയുണ്ട്‌. ഗന്ധകശാല തുടങ്ങിയ സുഗന്ധനെല്ലിനങ്ങളും ഇവിടെയുണ്ട്‌. വയനാട്ടിലെ കൃഷിയിടങ്ങളില്‍ ഒരുകാലത്തുണ്ടായിരുന്ന കാര്‍ഷിക ഉപകരണങ്ങളെയും പുതിയ തലമുറയ്‌ക്ക്‌ ഇവിടെ തൊട്ടറിയാം.

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തിന്റെ ഭാഗമായി വയനാട്ടില്‍ ഒരു കാലത്ത്‌ വ്യാപകമായി കൃഷി ചെയ്‌തിരുന്ന മുത്താറിയും ചാമയും റാഗിയുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പോഷക സമൃദ്ധമായ ഇന്നെലകളിലേക്കുള്ള തിരിച്ചു നടത്തം കൂടിയാണിത്‌. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളും കാണാം. 16 ഇനം പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യാന്‍ കഴിയുന്ന വെർട്ടിക്കള്‍ ഗാര്‍ഡനുമെല്ലാം പരിചയപ്പെടാം. കൃഷി ചെയ്യാന്‍ സ്ഥലപരിമിതി പ്രശ്‌നമല്ല. ഇതിനുള്ള പരിഹാരം കൃഷി വകുപ്പ്‌ നിര്‍ദ്ദേശിക്കും.

മൈക്രോ ഗ്രീന്‍, ചെറുധാന്യങ്ങളെ മുളപ്പിച്ചെടുക്കുന്ന നൂതന കാര്‍ഷിക മുന്നേറ്റം ന്യൂട്രി പ്ലേറ്റ്‌ എന്നിവ ഇവിടെ നിന്നും അടുത്തറിയാം. ഒരു വ്യക്തിക്ക്‌ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണം ഇതിലൂടെ പരിചയപ്പെടുത്തും. വിവിധ തരം പച്ചക്കറികള്‍ കൊണ്ടുള്ള ഫ്രൂട്ട്‌ ആന്‍ഡ്‌ വെജിറ്റബിള്‍ കാര്‍വിങ്ങ്‌ ഈ സ്റ്റാളില്‍ നിന്നും മനസ്സിലാക്കാം. കാര്‍ഷിക ക്ഷേമ പദ്ധതികളെക്കറിച്ചുള്ള വിവിധ പദ്ധതികള്‍, ധനസഹായങ്ങള്‍ എന്നിവയെക്കുറിച്ചും കൃഷി വകുപ്പിന്റെ സ്റ്റാളില്‍ നിന്നും നേരിട്ടറിയാം.