ഇരുന്നൂറോളം സ്‌റ്റാളുകളും സാംസ്‌കാരിക പരിപാടികളും സെമിനാറുകളും നൂതന സാങ്കേതിക സംവിധാനങ്ങളും കോര്‍ത്തിണക്കിയ ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള എന്റെ കേരളത്തിന് തിരക്കേറുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന മേളയില്‍ കുട്ടികള്‍ മുതൽ മുതിര്‍ന്നവര്‍ വരെയുള്ള വിവിധ ഉദ്ദേശ സ്റ്റാളുകളാണ് സജീവമായത്.
വയനാടന്‍ മലനിരകളും ഏറുമാടങ്ങളും ചേര്‍ന്നൊരുക്കുന്ന പ്രധാന കവാടം കടന്നാല്‍ വിശാലമായ പ്രദര്‍ശന സ്റ്റാളുകളായി. എന്റെ കേരളം, കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളാണ് ഒന്നാമതായി സജ്ജീകരിച്ചിരിക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെ നേര്‍ചിത്രമാണ് ഇവിടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കാണാനുള്ളത്. ഇതേ സ്‌റ്റാളില്‍ 360 ഡിഗ്രി ഫോട്ടോ റൊട്ടേറ്റിങ്ങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടാമതായി ടൂറിസം വകുപ്പ് നൂതനമായി വിപുലമായ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് സുരങ്ക കിണറും ഏലമലക്കാടും പ്രദര്‍ശനമേളയില്‍ കാണാം. പോലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും വിവിധ വകുപ്പുകളുടെ അമ്പതിലധികം സ്റ്റാളുകളും സൂഷ്‌മ ഇടത്തരം സംരംഭങ്ങളുടെയും വ്യവസായ വകുപ്പിന്റെ നൂറ്റിപതിനൊന്നോളം സ്‌റ്റാളുകളും ഒന്നിനൊന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
നാല്‍പ്പതിനായിരം വാട്‌സ് ശബ്ദ വിതാനമാണ് പ്രധാന സാംസ്കാരിക വേദിയില്‍ സജ്ജീകരിച്ചിരക്കുന്നത്. അത്യാധുനിക സംവിധാനമുള്ള എല്‍.ഇ.ഡി വാളുകള്‍, 3500 ചതുരശ്രയടി വിസ്‌തീര്‍ണ്ണമുള്ള ബാ്‌ക്ക് ഡ്രോപ്പുകള്‍, വലിയ സ്റ്റേജ് എന്നിവ പ്രത്യേകതയാണ്. ജര്‍മ്മന്‍ ഹാങ്ങില്‍ സജ്ജമാക്കിയ ശീതികരിച്ച ഹാളില്‍ ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഇരിപ്പിട സൗകര്യവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്ന വിധത്തിൽ സ്പോർട്സ് ആക്റ്റിവിറ്റി ഏരിയ, ഭക്ഷ്യ മേള എന്നിവയും മേളയിലെ ആകർഷകങ്ങളാകുന്നു.
ഹരിത ചട്ടം പൂർണ്ണമായി പാലിച്ചുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും അഗ്‌നി സുരക്ഷാ ഇടനാഴികളും ടെന്റുകൾക്ക് ഇടയിലൂടെ അഗ്നി രക്ഷാ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ പാതകളും പാർക്കിംഗ് സൗകര്യം , ബയോ ടോയ്‌ലറ്റുകൾ പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്