വിപണനകേന്ദ്രത്തില്‍ ഇരിക്കുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല പലരും. സ്റ്റാളില്‍ എത്തുന്നവരോട് ഓരോ ഉല്‍പന്നങ്ങളെക്കുറിച്ചും അതുണ്ടാക്കിയെടുക്കാന്‍ നിര്‍ധന രോഗികള്‍ അനുഭവിക്കുന്ന ത്യാഗത്തിന്റെ കഥകളും അവര്‍ വിവരിച്ചുകൊണ്ടിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയില്‍ വയനാട് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സ്റ്റാളാണ് വേദി.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ആയിരുന്നു ‘സെയില്‍സ് ഗേളു’ടെ റോളില്‍. ഉദ്ഘാടന ദിവസം രാവിലെ മുതല്‍ ഡിപിഎം തന്റെ പാലിയേറ്റീവ് രോഗികള്‍ക്കു വേണ്ടി ആ സ്റ്റാളില്‍ കച്ചവടക്കാരിയായി മാറി. ആദ്യ ദിവസം മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ 18ഓളം സാധനസാമഗ്രികള്‍ വിറ്റഴിഞ്ഞു. വില്‍പനക്കാരി തന്നെ ആദ്യ ഉപഭോക്താവുമായി.
മുള ഉപയോഗിച്ചു നിര്‍മ്മിച്ച കുട്ട, മുറം, ഫ്‌ളവര്‍ ബേസ്, ചിരട്ടകള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, കുട, ബോട്ടില്‍ ആര്‍ട്ട്, ഓയിന്‍ പെയിന്റിങ്, പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ചിത്രങ്ങള്‍, പേപ്പര്‍ കൊണ്ടുള്ള പെന്‍ സ്റ്റാന്റ്, പൂക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് സ്റ്റാളില്‍ വില്‍പനയ്ക്ക്. പലവിധ കാരണങ്ങളാല്‍ വീല്‍ചെയറിലും മറ്റും ജീവിതം തള്ളിനീക്കുന്നവരുടെ അദ്ധ്വാനം ഇവിടെ തെളിഞ്ഞുകാണുന്നു. വീല്‍ചെയറില്‍ കഴിയുന്ന പനമരം സ്വദേശിനി റീന തയ്യാറാക്കിയ നെറ്റിപ്പട്ടങ്ങളാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
ഓട്ടോഡ്രൈവറായിരുന്നു റീന. ഒരു അപകടത്തോടെ ജീവിതം മാറിമറിഞ്ഞു. അരയ്ക്കു താഴെ തളര്‍ന്ന് ജീവിതം വീല്‍ചെയറിലായി. പൊതുപ്രവര്‍ത്തകരുടെയും പാലിയേറ്റീവ് പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളാണ് റീനയ്ക്ക് പുതുജീവിതം സമ്മാനിച്ചത്. റീനയെ പോലെ മുഖ്യധാരയിലേക്ക് തിരികെയെത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക്, അവരുടെ ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴിലെത്തിച്ച് വില്‍ക്കാന്‍ സഹായിക്കുകയാണ് മേള.
ഇടനിലക്കാരില്ലാതെ വരുമാനം രോഗികള്‍ക്ക് നേരിട്ട് ലഭിക്കുമെന്നതാണ് പ്രത്യേകത. ‘അരികെ’ എന്ന പേരില്‍ സമഗ്ര പാലിയേറ്റീവ്-വയോജന പദ്ധതി പ്രകാരം മേളയിലെ 111-ാം നമ്പര്‍ സ്റ്റാള്‍ ഇതിനായൊരുക്കി. പാലിയേറ്റീവ് രോഗികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കി മികച്ച ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല കോണുകളില്‍ നടക്കുകയാണ്. പനമരം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 പേര്‍ക്ക് പരിശീലനം നല്‍കി പേപ്പര്‍ ബാഗുകളും മരുന്ന് കവറുകളും ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പതിനായിരത്തോളം പാലിയേറ്റീവ് രോഗികളാണ് ജില്ലയിലുള്ളത്. ഇതില്‍ 200ഓളം പേര്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ഉപജീവനമാര്‍ഗ്ഗം തേടുന്നു.