മഴ പെയ്തിറങ്ങിയ സന്ധ്യയിൽ ഇശലുകൾക്ക് താളം പിടിച്ച് എൻ്റെ കേരളം മാപ്പിള കലാവിരുന്ന്. ഇമ്പമാർന്ന പാട്ടുകളുടെ നൂൽമഴയിൽ ആസ്വാദകരുടെ മനം കവരാൻ കോൽക്കളിയും തപ്പുതാളങ്ങളും ചേർന്നതോടെ എൻ്റെ കേരളം വേദിക്ക് മൊഞ്ചുള്ള രാവിൻ്റെ നിറവ്. മോയിൻകുട്ടി വൈദ്യരുടെയും ഒ.എം. കരുവാരക്കുണ്ടിൻ്റെയുമെല്ലാം പ്രസിദ്ധമായ വരികൾ ഒരിക്കൽ കൂടി കാതിലെത്തിയപ്പോൾ ഇതിനൊപ്പം സദസ്സും താളത്തിൽ ലയിച്ചു. പാട്ടിൻ്റെ ഇടവേളകളിൽ കോൽക്കളിയും അറബനമുട്ടും ഇടകലർന്ന് എത്തിയതോടെ പരമ്പരാഗത കലകളുടെ വേറിട്ട ആസ്വാദന വേദിയായി മാറുകയായിരുന്നു എൻ്റെ കേരളം മാപ്പിളകലാസന്ധ്യ.
പ്രമുഖ ഗായിക രഹ്നക്കൊപ്പം പട്ടുറുമ്മാല്‍, മൈലാഞ്ചി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ഗായകരും അണിനിരന്നതോടെ സംഗീത രാവ് ആസ്വാദകരുടെ മനം കവർന്നു.

മലപ്പുറം സർഗ്ഗധാരയിലെ ഷമീർ പട്ടുറമ്മൽ, യാഷിഖ് പട്ടുറമ്മാൽ, മിസ് ന മഞ്ചേരി എന്നിവരാണ് അഴകുള്ള പാട്ടിൽ അരങ്ങിനെ ആവേശം നിറച്ചത്. മലപ്പുറം കൊണ്ടോട്ടി കൊടുക്കരയിൽ നിന്നുള്ളവർ വേദിയിൽ മൊഞ്ചുള്ള ഒപ്പന അവതരിപ്പിച്ചു.

കോല്‍ക്കളി ആചാര്യന്‍ ടി.പി.ആലിക്കുട്ടി ഗുരുക്കളുടെ ശിഷ്യർ കോൽക്കളി അവതരിപ്പിച്ചു. നിരവധി സ്‌കൂള്‍ യുവജനോത്സവ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കലകാരന്‍മാരെ അണി നിരത്തിയ മഞ്ചേരി പൂക്കൊളത്തൂർ ടീം അറബന മുട്ടിൽ എൻ്റെ കേരളം വേദിയെ കൈയ്യിലെടുത്തു.

തിങ്ങി നിറഞ്ഞ വേദിയിലായിരുന്നു എൻ്റെ കേരളം രണ്ടാം ദിനവും കലാപരിപാടികൾ അരങ്ങേറിയത്.