പ്രളയത്തിൽ തകർന്ന കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ കടൽക്കണ്ടം പാലവും അപ്രോച്ച് റോഡും പുനർ നിർമ്മിക്കാൻ ആവശ്യമായ വനഭൂമി വിട്ടുനൽകാൻ ഉത്തരവ്. 0.1679 ഹെക്ടർ ഭൂമി പട്ടികവർഗ വികസന വകുപ്പിന് കൈമാറാനുള്ള ഉത്തരവിന്റെ പകർപ്പ് ഇരിട്ടിയിൽ നടന്ന വനസൗഹൃദ സദസ്സിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ കോളയാട് പഞ്ചായത്ത് പ്രസിഡഡന്‌റ്‌ എം റിജിക്ക് കൈമാറി.

കോളയാട് പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന പെരുവ ആദിവാസി ഊരിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന ഏക റോഡിന്റെ ഭാഗമായിരുന്നു കടൽക്കണ്ടം പാലം. മഴക്കെടുതിയിൽ പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങി. ഇതോടെ 2022ൽ പാലം പുനർ നിർമ്മിക്കാൻ പട്ടികവർഗ വികസന വകുപ്പ് 2.29 കോടി രൂപ അനുവദിച്ചു. എന്നാൽ ഏഴ് മീറ്റർ വീതിയിൽ പാലം നിർമ്മിക്കാൻ വനഭൂമി ആവശ്യമായിരുന്നു. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇരിട്ടിയിൽ നടന്ന വനസൗഹൃദ സദസ്സിൽ പഞ്ചായത്ത് പ്രസിഡന്‌റ്‌ എം റിജി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് വനംമന്ത്രി വനഭൂമി വിട്ടുനൽകാൻ ഉത്തരവിട്ടത്. ഇതോടെ വേഗത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.