ആധുനിക സാങ്കേതിക വിദ്യയുടെ ഗുണം ആദിവാസി മേഖലയിലും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ആദിവാസി മേഖലയിൽ നൂറു ശതമാനം ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും പട്ടികജാതി പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇരിട്ടിയിൽ നടന്ന വനസൗഹൃദ സദസ്സിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തി വേണം മുന്നോട്ട് നീങ്ങാൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ആറളം ഫാമിലെ ജനങ്ങളെ കാട്ടാന ശല്യത്തിൽ നിന്നും സംരക്ഷിക്കാൻ ആനമതിൽ നിർമ്മിക്കുകയാണ് പരിഹാരം. മെയ് ആദ്യവാരം ടെണ്ടർ പൂർത്തിയാക്കി നിർമാണ പ്രവൃത്തി ആരംഭിക്കും. ഫാമിലെ കാട് വെട്ടിത്തെളിക്കാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ വനം വകുപ്പിന്റെ അധീനതയിലുളള ചില പ്രദേശങ്ങൾ തുരുത്തുകളായി ഫാമിനകത്തുണ്ട്. അവിടെ വന്യജീവികൾ വസിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഈ പ്രദേശം ഫാമിന് വിട്ടു നൽകുകയും വന്യമൃഗങ്ങളെ ഉൾക്കാടുകളിലേക്ക് മാറ്റുകയും വേണം. അതിന് ബദലായി പട്ടിക വർഗ വികസന വകുപ്പ് സ്ഥലം വിട്ടു നൽകണം. ഇതിനായുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ സംഘർഷം വർധിച്ചു വരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ലഘൂകരിക്കാനാണ് സർക്കാർ വന സൗഹൃദ സദസ് നടത്തുന്നത്. ആവാസ വ്യവസ്ഥക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് വന്യമൃഗങ്ങൾ കൂടിയിട്ടുണ്ട്. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.