ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കികൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നൂറ് ശതമാനം ആക്കണമെന്ന് നിർദേശം. നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർക്ക് നടത്തിയ യോഗത്തിലാണ് നിർദേശമുയർന്നത്.
50 രൂപ യൂസർ ഫീ ഈടാക്കി എല്ലാ മാസവും ഹരിത കർമസേന വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണം നടത്തണം. അജൈവമാലിന്യം കൈമാറാത്തവർക്ക് ബോധവത്കരണം നടത്തണം. തുടർന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കി നിയമനടപടികൾ സ്വീകരിക്കണം. അതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കണം.
വാർഡ് തല ക്ലസ്റ്റർ മീറ്റിംഗുകൾ ശക്തമാക്കുകയും ഗൃഹസന്ദർശനത്തിലൂടെ ആളുകളെ ക്യാമ്പയിന്റെ ഭാഗമാക്കണം.
മഴക്കാല രോഗപ്രതിരോധ സംവിധാനം നടപ്പിലാക്കുക, മാലിന്യബന്ധിതമായ രോഗങ്ങൾ കുറക്കുക, ജലാശയങ്ങൾ വൃത്തിയാക്കി വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കുക, ഖരമാലിന്യ പരിപാലന ചട്ടത്തിലെ നിബന്ധനകൾ കർശനമായി നടപ്പാക്കുക തുടങ്ങിയവ കാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കണം.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാർ ഈ ക്യാമ്പയിൻ ആരംഭിച്ചത്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ ടി ജെ അരുൺ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ എം സുനിൽകുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകൻ എന്നിവർ പങ്കെടുത്തു.