അതിദാരിദ്ര്യ നിര്‍മാര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി സഹകരണ സംഘങ്ങളെ ജനങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന സെമിനാറില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ അസാന്നിധ്യവും വനിതാ അംഗങ്ങളുടെ കുറവുമാണ് സഹകരണ സംഘങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അഭിപ്രായപ്പെട്ടു.

സെമിനാര്‍ ചര്‍ച്ചയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ ഫെഡറേഷന്‍ ബോര്‍ഡ് അംഗം വി ഉഷ, ഇളങ്കുന്നപ്പുഴ എസ്.സി, എസ്.ടി സഹകരണ സംഘം പ്രസിഡന്റ് ടി.സി ചന്ദ്രന്‍, കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്റ്റര്‍ (ജനറല്‍) എ.ഹേമ, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.