ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മങ്ങാട് അടിപ്പാത അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയിലും എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
അടിപ്പാത വേണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണ്. ഇക്കാര്യത്തില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ദേശീയപാത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ദേശീയപാതയില്‍ എസ് എന്‍ കോളേജ് മുതല്‍ കാവനാട് വരെ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. ദേശീയപാത അതോറിറ്റി, ജല അതോറിറ്റി, കരാര്‍ കമ്പനി എന്നിവരുടെ പ്രതിനിധികള്‍ സംയുക്ത പരിശോധനയില്‍ ഭാഗമാകും. ജല വിതരണകുഴലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിശദറിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി. വകുപ്പ്തല ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.