കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ – വനിതാ -ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തടസ്സങ്ങളില്ലാത്ത ലോകം ഭിന്നശേഷിക്കാർക്കും സാധ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ആർദ്ര കേരളം പുരസ്കാരത്തിന് ജില്ലാ പഞ്ചായത്തിനെ അർഹമാക്കിയ നിർവഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു. വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സരള നായരും ജീവനക്കാരും, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഹന്നയും ജീവനക്കാരും ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി പി സിയും ജീവനക്കാരും മന്ത്രിയിൽ നിന്നും ഉപഹാരം സ്വീകരിച്ചു. അങ്കണവാടികളിൽ നിന്നും വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ആദരിച്ചു.

ജില്ലാ പ്രൊബേഷൻ ഓഫീസർ പി ഇ വിനീതകുമാരി പദ്ധതി വിശദീകരിച്ചു. പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ മായാ ടി ആർ, വനിതാ – ശിശു വികസന ഓഫീസർ സബീന ബീഗം, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ മണലിൽ മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.