വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജനകീയ ആരോഗ്യ സംവിധാനം ഏറ്റവും മികവുറ്റ നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്ന സംസ്ഥാനമാണ് കേരളമെന്നും രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണാനുമതി ലഭിച്ച കേരളത്തിലെ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന തടസ്സങ്ങൾ മാറി വേഗത കൈവരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

വടകര ജില്ലാ ആശുപത്രിയിൽ 86 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
ഇതിന്റെ ടെണ്ടർ നടപടികളിലേക്ക് ഉടൻ കടക്കും. ഈ പ്രദേശത്തിന്റെ ആതുരസേവന രംഗത്തെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന ഇടമായി വടകര ജില്ലാ ആശുപത്രി മാറുകയാണെന്നും പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബ്ലോക്കിന്റെ പ്രവൃത്തി സമയബന്ധിതമായി തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് 13.70 കോടി രൂപ ചെലവിൽ നാല് നിലകളിലായി ആധുനിക സജ്ജീകരണത്തോടെയാണ് വടകര ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചത്. ആരോഗ്യ കേരളത്തിന്റെ 38 ലക്ഷം രൂപ ഉപയോഗിച്ച് ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവും കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും 15 കിടക്കകളോട് കൂടിയ കുട്ടികളുടെ വാർഡും പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്‌ലോറിൽ ഗൈനക്കോളജി ഒപി, പോസ്റ്റ് സർജിക്കൽ ഐസിയു, ഓപ്പറേഷൻ തിയ്യേറ്റർ, നഴ്‌സ്മാരുടെ വിശ്രമ മുറി, എക്‌സറേ
, സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ, റേഡിയോളജി, മുൻഭാഗത്ത് ഫാർമസി,ഡോക്ടർമാരുടെ വിശ്രമമുറി എന്നീ സൗകര്യങ്ങളാണുള്ളത്.

കുട്ടികളുടെ ഐസിയു, വാർഡുകൾ, കൗൺസിലിങ് റൂം, മെഡിസിൻ റൂം, ഐസോലേഷൻ വാർഡ്, സ്റ്റാഫ് റൂം, നഴ്‌സ് സ്റ്റേഷൻ, ലേബർ വാർഡുകൾ, ശൗചാലയങ്ങൾ, നവജാത ശിശു വാർഡുകൾ, പ്രിപ്പറേഷൻ റൂം, ലേബർ റൂം, ഗൈനക്കോളജി ഒപ്പറേഷൻ തിയ്യറ്റർ, അനസ്‌തേഷ്യ റൂം എന്നിവ ബാക്കി നിലകളിലായും സജ്ജീകരിച്ചു. ആശുപത്രിയുടെ മുൻവശത്ത് ഒരേ സമയം 15 ആളുകൾക്ക് കയറാനുള്ള ലിഫ്റ്റും പിറക് വശത്ത് സ്ട്രച്ചർ സൗകര്യമുള്ള എമർജൻസി ലിഫ്റ്റും പ്രവർത്തന സജ്ജമാണ്. കേന്ദ്രീകൃത ശീതീകരണ സൗകര്യം, കുറ്റമറ്റ അഗ്‌നി രക്ഷാ സംവിധാനം എന്നിവയും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയർ എ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. യുഎൽസിസി ചെയർമാൻ പാലേരി രമേശനുള്ള ഉപഹാരം വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി ബിന്ദു നൽകി. മുൻ എംഎൽഎ സി.കെ നാണു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.എം വിമല, കെ.വി റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ദിനേശ്കുമാർ, വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും വടകര ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.സരള നായർ നന്ദിയും പറഞ്ഞു.