ഒരു സോപ്പെടുത്താല്‍ ഒരു സോപ്പ് സൗജന്യം. രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയ്ക്കൊപ്പം ഒരു ലിറ്റര്‍ വെളിച്ചെണ്ണകൂടി കിട്ടും. എന്റെ കേരളത്തില്‍ നിറയെ ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്സ്പ്രസ് മാര്‍ട്ട് ആറാം ദിവസവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറിയത്. ആറ് ദിവസം ആറ് ലക്ഷം രൂപയാണ് ഈ സ്റ്റാളില്‍ നിന്നും വരുമാനം ലഭിച്ചത്. റേഷന്‍കാര്‍ഡ് തുടങ്ങിയവയൊന്നും ഈ സ്റ്റാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടതില്ല. എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ട്. മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും. ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നല്‍കും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നല്‍കുന്നുണ്ട്.
സ്റ്റോളിലെ ഏറ്റവും പ്രധാന ആകര്‍ഷണം രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി നല്‍കുന്നു എന്നതാണ്. ശബരി ഉത്പന്നങ്ങള്‍ കൂടാതെ നൂഡില്‍സ്, ടൂത്ത്പേസ്റ്റ്, തേന്‍, സോപ്പുപ്പൊടി, സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോര്‍ലിക്സ് തുടങ്ങി നിരവധി എഫ് എം സി ജി സാധനങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്സ്പ്രസ്മാര്‍ട്ട് വന്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.