ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഴയിൽ നനഞ്ഞുതിർന്ന വരികളിൽ. എൻ്റെ കേരളം മേളയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു.
പാട്ടുകളിൽ ഗസലാണ് രാജ്ഞി. ദിൽ കി….രാത്ത് സേ… പ്രണയാതുരമായ ഗസൽ ഈരടികളുമായാണ് ഷഹബാസ് രണ്ടാമതും പാടിയത്. താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിൽ …. മധുമാസ ചന്ദ്രിക എന്ന പ്രസിദ്ധമായ വരികൾ പാടി മലയാളത്തിലേക്ക് ഗസൽ സായാഹ്നത്തെ ഷഹബാസ് തിരിച്ചെത്തിച്ചു.
പ്രണയ ത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ മലയാളികള്‍ കോര്‍ത്തിട്ട മെലഡികളും ഗസലുകളും ഷഹബാസ് അമൻ കോർത്തിട്ടു. കൂട്ടത്തിൽ ബാബുക്കയുടെ ഒരിക്കലും മരിക്കാത്ത പാട്ടുകളും. ഓരോ ഗാനങ്ങളെയും ഹൃദയത്തിലേക്ക് ചേർത്തു വെച്ചാണ് സദസ്സും നിറഞ്ഞ കൈയ്യടി നൽകിയത്.
എൻ്റെ കേരളം മെഗാ എക്സിബിഷനിലെ വലിയ പവലിയനെയും ഭേദിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗസൽ സായാഹ്നത്തിൽ ഷഹബാസിനെ കേൾക്കാൻ ആസ്വാദകർ ഒഴുകിയെത്തിയിരുന്നു. വൈകീട്ടെത്തിയ മഴയെയും കടന്നാണ് ഗസൽ ആസ്വാദകർ തിങ്ങി നിറഞ്ഞത്. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തിൽ തണുത്തു വിരിഞ്ഞ രാവ് പടരുന്നത് വരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. പ്രമുഖരാണ് ഷഹബാസിന് പിന്നണി സംഗീതം നൽകിയത്. എൻ്റെ കേരളത്തിന് ഈ കലാസന്ധ്യയും അവിസ്മരണീയമായി മാറി. കലാകേരളം അണിനിരന്ന വേദിയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എൻ്റെ കേരളത്തിന് പുതുമകൾ സമ്മാനിച്ചത്.