സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഒആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സന്നിഹിതരാവും.

സമാപന സമ്മേളനത്തിനുശേഷം ആല്‍മരം മ്യൂസിക് ബാന്റിന്റെ ഫ്യൂഷന്‍ ഷോ അരങ്ങേറും.
രാവിലെ 10 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ നല്ല ശീലം യോഗ ഡാന്‍സ്, ജീവിത ശൈലീ രോഗ പ്രതിരോധം, ഫുഡ് എക്‌സ്‌പോ,വിളര്‍ച്ച, പ്രമേഹ രോഗനിര്‍ണ്ണയം എന്ന സെമിനാര്‍ നടക്കും. പിണങ്ങോട് ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എന്‍ ഹരിശങ്കര്‍, തരിയോട് ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സ്മിത എന്നിവര്‍ സെമിനാര്‍ നയിക്കും. വൈകീട്ട് 3 ന് തുടിതാളം നാടന്‍ കലാമേളയും നടക്കും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സജീവ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒരാഴ്ചയായി നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ലയുടെ ജനകീയ ഉത്സവമായി.

ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് മേള സന്ദര്‍ശിച്ചത്. വിവിധ വകുപ്പുകളുടെ എണ്‍പതോളം തീം സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള 111 വാണിജ്യ സ്റ്റാളുകളും ഉള്‍പ്പെടെ 200 ല്‍ അധികം സ്റ്റാളുകളാണ് പ്രദര്‍ശന വിപണനമേളയില്‍ ഒരുക്കിയിരുന്നത്.

ഭക്ഷ്യ മേളയും സ്പോര്‍ട്സ് കോര്‍ണറുകളും മേളയിലെ ആകര്‍ഷണങ്ങളായി. എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ കാലിക പ്രസക്തിയാല്‍ ശ്രദ്ധേയമായി. വൈകീട്ട് നടക്കുന്ന പ്രമുഖ കലാസംഘങ്ങളുടെ കലാപരിപാടികള്‍ ആസ്വദിക്കാനും പ്രായഭേദമന്യേ ആളുകള്‍ എത്തിയിരുന്നു.