രുചിപ്പെരുമകളില്‍ മനം നിറച്ച് എന്റെ കേരളം ഭക്ഷ്യമേളയില്‍ കുടുംബശ്രീക്ക് 8 ലക്ഷം വരുമാനം. മേള സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഭക്ഷ്യമേളയില്‍ പൊടി പൊടിച്ച വില്‍പ്പനയുമായി കുടുംബശ്രീ മുന്നേറുന്നത്. മേള തുടങ്ങിയത് മുതല്‍ രാത്രി പത്തരവരെയും കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകള്‍ നിറഞ്ഞ തിരക്കിലാണ്. വേറിട്ട വിഭവങ്ങള്‍ ചൂടോടെ നല്‍കുന്ന കൗണ്ടറുകളില്‍ വനിതാ ഭക്ഷ്യയൂണിറ്റുകള്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. ചിക്കന്‍ ദോശമുതല്‍ ഓംലൈറ്റ് ദോശ വരെയും ചായയില്‍ തുടങ്ങി ചിക്കന്‍ മാക്രോണിയില്‍ വരെ എത്തി നില്‍ക്കുന്ന നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍. ഇവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മേളയിലെ വിശാലമായ ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.

ജില്ലയിലെ നാല്‍പ്പതോളം കുടുംബശ്രീ സംരംഭകരില്‍ നിന്നായുള്ള 11 സംരംഭക യൂണിറ്റുകളാണ് ഫുഡ് സ്റ്റാളില്‍ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കുന്നത്. നിള, തനിമ, ഫൈഫ് സ്റ്റാര്‍, ഫ്രണ്ട്സ്, യാത്രാശ്രീ, ബക്കര്‍, കരിമ്പ്, ബാപ്കോ എന്നീ 8 കാറ്ററിംഗ് യൂണിറ്റ് സംരംഭങ്ങള്‍ 8 സ്റ്റാളുകളിലായിട്ടാണ് ഭക്ഷണ വിഭവങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കാറ്ററിംഗ് മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയ സംരംഭക യൂണിറ്റുകളാണ് കുടുംബശ്രി ഭക്ഷണശാലയില്‍ രുചിയുടെ ലോകം തീര്‍ക്കുന്നത്. ജ്യൂസ്, ഐസ്‌ക്രീം, എണ്ണക്കടികള്‍, ചക്ക വിഭവങ്ങള്‍, ചിക്കന്‍ മാക്രോണി പോലുള്ള നോണ്‍ വെജ് വിഭവങ്ങള്‍ എന്നിവയാണ് ഭക്ഷ്യശാലയിലെ മുഖ്യ രുചി വൈവിധ്യങ്ങള്‍. നോണ്‍ വെജ് വിഭവങ്ങളോടാണ് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പ്രീയം.

ചക്ക കൊണ്ടുള്ള ചക്ക പക്കവടക്കും ആവശ്യക്കാര്‍ ഏറെയാണ്. മേളയുടെ പ്രധാന വേദിക്ക് സമീപത്ത് തന്നെയാണ് കുടുംബശ്രീ ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. വൈവിധ്യങ്ങളുടെ ദോശയാണ് ഇത്തവണ കുടുംബശ്രീയുടെ ഭക്ഷണ ശാലയില്‍ എത്തുന്ന ഭക്ഷണ പ്രീയരുടെ ഇഷ്ട വിഭവം. ചിക്കന്‍ ദോശ, ഓംലറ്റ് ദോശ, മസാല ദോശ, ഉള്ളി ദോശ, തട്ട് ദോശ അങ്ങനെ നീളുകയാണ് ദോശ വൈവിധ്യങ്ങളുടെ നിര. തട്ട് ദോശ സെറ്റിന് 40 രൂപയും മസാല ദോശക്ക് 60 രൂപയും ചിക്കന്‍ ദോശക്ക് 80 രൂപയുമാണ് വില. ദോശകളില്‍ ചിക്കന്‍ ദോശക്കാണ് ഡിമാന്റ്. വൈകുന്നേരമാകുമ്പോള്‍ തട്ടു ദോശക്കും പ്രീയമേറും. കപ്പയും കഞ്ഞിയും, നെയ്ച്ചോറും ചിക്കനും തുടങ്ങി എല്ലാമുണ്ട് എന്റെ കേരളം മേളയിലെ ഭക്ഷ്യശാല. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.