സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകള്‍ ജനകീയ സര്‍ക്കാറിന്റെ മുഖമായി. സൗജന്യ ആധാര്‍ അധിഷ്ഠിത സേവനം മുതല്‍ പൊതുവിപണി നിയന്ത്രണം വരെയുളള ജനപ്രിയ ഇടപെടലുകളുമായി മേള സന്ദര്‍ശകരുടെ മനം കവര്‍ന്നു. കല്‍പ്പറ്റ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ഒരാഴ്ച്ച നീണ്ടുനിന്ന ജനകീയ മേളയ്ക്ക് ഞായറാഴ്ച്ച കൊടിയിറങ്ങിയപ്പോള്‍ നാടിനെ ചേര്‍ത്തു പിടിച്ച് കരുത്തോടെ മുന്നേറാന്‍ സാധിച്ച സംതൃപ്തിയിലാണ് വകുപ്പുകളും.

എന്റെ കേരളം മേളയില്‍ എണ്‍പതോളം സ്റ്റാളുകളാണ് വിവിധ വകുപ്പുകള്‍ ഒരുക്കിയത്. അയ്യായിരത്തോളം പേര്‍ക്ക് സൗജന്യ സേവനങ്ങള്‍ ലഭ്യമായി. സൗജന്യമായി ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കിയ ഐ.ടി മിഷന്‍ സ്റ്റാളുകളില്‍ ഏറെ പേരെത്തി. അധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുക്കുന്നതിനും പുതിയവ ലഭിക്കുന്നതിനും സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെ മസ്റ്ററിംഗ് നടത്തുന്നതിനും ഡിജിലോക്കര്‍ സൗകര്യത്തിനും സൗകര്യമൊരുക്കിയിരുന്നു. ഗവണ്മെന്റ് സേവനങ്ങള്‍, ചികിത്സാധനസഹായം, പെന്‍ഷന്‍, സി. എം. ഡി. ആര്‍. എഫ്, തുടങ്ങിയവ ഉള്‍പ്പെടെ 633 സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമായത്.

പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടലിന്റൈ നേര്‍കാഴ്ച്ചകളായിരുന്നു സപ്ലൈകോ എക്‌സപ്രസ് മാര്‍ട്ട്. 42 ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ വിലക്കിഴിവുകള്‍ സമ്മാനിച്ച സപ്ലൈകോ എക്‌സപ്രസ് മാര്‍ട്ട് മേളയിലെ ഏറ്റവും തിരക്കേറിയ സ്റ്റാളുകളില്‍ ഒന്നായി. പ്രതിദിനം ഒരു ലക്ഷത്തിലേറെയായിരുന്നു കൗണ്ടറുകളിലെ വില്‍പന. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ജനകീയാരോഗ്യം സ്റ്റാള്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന്റെ മാറ്റം വിളിച്ചോതി. പൊതുജനങ്ങള്‍ക്ക് 1200 യു.എച്ച്.ഐ.ഡി കാര്‍ഡുകളാണ് സൗജന്യമായി വിതരണം ചെയ്തത്. യു എച്ച് ഐ അടിസ്ഥാനമാക്കി വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും കമ്പ്യൂട്ടര്‍ അധിഷ്ഠിത നെറ്റ് വര്‍ക്ക് വഴി ഏത് ആശുപത്രികളിലും ലഭ്യമാക്കുന്നതിനാല്‍ കൃത്യമായ ചികിത്സ ഉറപ്പു വരുത്താന്‍ സാധിക്കും. കണ്ണിന്റെ റെറ്റിന പരിശോധന, അതിനൂതന ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനുള്ള അവസരം എന്നിവയും സ്റ്റാളുകളില്‍ ഒരുക്കിയിരുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കിയ സ്റ്റാളിലൂടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കലും, സ്വയം തൊഴിലിനുള്ള അപേക്ഷയും വിതരണം ചെയ്തു. വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടക്കാനുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം എന്നിങ്ങനെ കെഎസ്ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശങ്ങള്‍ക്കുള്ള മറുപടിയായിരുന്ന കെഎസ്ഇബി ഒരുക്കിയ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. റവന്യൂ വകുപ്പ്, സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ വ്യക്തിഗത ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കി.

അവതരണം കൊണ്ടും പ്രദര്‍ശനം കൊണ്ടും ശ്രദ്ധേയമായിരുന്നു പോലീസ് വകുപ്പിന്റെ സ്റ്റാള്‍.പോലീസ് സേനയുടെ കരുത്ത് തെളിയിക്കുന്ന വിവിധതരം തോക്കുകളും ആയുധങ്ങളും വെടിയുണ്ടകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിരുന്നു. കൂടാതെ സൈബര്‍ സെല്‍, ബോംബ് സ്‌ക്വാഡ്, ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍, വയര്‍ലെസ് സംവിധാനം, ടെലികമ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിവരണങ്ങളും നല്‍കി. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി സ്വയം പ്രതിരോധം ലക്ഷ്യമാക്കി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തുന്ന ഡെമോന്‍സ്ട്രേഷന്‍ ക്ലാസുകളും നല്‍കി. കേരള മോട്ടോര്‍ വാഹന വകുപ്പ് സ്റ്റാളില്‍ ആര്‍.ടി. ഓഫീസുകളിലെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭിച്ചു. ആര്‍.ടി.ഒ സംബന്ധിച്ച സംശയനിവാരണത്തിനും നാല് വയസുവരെയള്ള കുട്ടികള്‍ക്ക് ആവശ്യമായ ഹെല്‍മെറ്റ് പരിചയപ്പെടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. ലേണേഴ്‌സ് ടെസ്റ്റ് നടത്തി വിജയികളാകുന്നവര്‍ക്ക് ഹെല്‍മറ്റ് സമ്മാനമായും നല്‍കി.

അറിവുകള്‍ക്കൊപ്പം അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും അവബോധവും കാഴ്ചക്കാര്‍ക്കായി സ്റ്റാളില്‍ പരിചയപ്പെടുത്തിയാണ് അഗ്‌നിരക്ഷാ സേനയുടെ സ്റ്റാള്‍ ശ്രദ്ധേയമായത്.അപകട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായ കട്ടര്‍, സ്‌പെഡര്‍, ബ്ലോവര്‍, ഫയര്‍ ഫൈറ്റിംഗ് ബ്രാഞ്ചുകള്‍, ന്യൂമാറ്റിക്ക് എയര്‍ ബാഗ്, അത്യാധുനിക സ്വയം രക്ഷാ ഉപകരണങ്ങള്‍, ഫ്‌ളോട്ടിംഗ് പമ്പ്,ലൈഫ് ഡിക്ടറ്റര്‍, പൗഡര്‍ ബോള്‍ ഫയര്‍ ബോള്‍, ഫയര്‍ എസ്റ്റിനിഷര്‍, സ്‌കൂബ, പി പി ഇ കിറ്റ്, കെമിക്കല്‍ സ്യൂട്ട്, ജല സ്‌ടെക്ച്ചര്‍ എന്നീ ജീവന്‍ രക്ഷാ ഉപകരണങ്ങളാണ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. അപകട ങ്ങളില്‍ എങ്ങനെ പ്രഥമ ചികിത്സ നല്‍കാം എന്ന ബോധവല്‍ക്കരണവും നല്‍കി.

എക്‌സൈസ് വകുപ്പൊരുക്കിയ സ്റ്റാളില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും, കൗണ്‍സിലിഗും നടന്നു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള ബോധവല്‍ക്കരണത്തിനാണ് പ്രധാനമായും പ്രാധാന്യം നല്‍കിയത്. ലഹരി വില്‍പനക്കാരെക്കുറിച്ചും കൈവശംവയ്ക്കുന്നവരെ കുറിച്ചും പേര് വെളിപ്പെടുത്താതെ അറിയിക്കാനുള്ള അവസരവും എക്‌സൈസ് ഒരുക്കിയിരുന്നു. സ്റ്റാലിലെത്തിയ 15 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി. വനിതാ ശിശു വികസന വകുപ്പ് , സാമൂഹ്യനീതി, ജിഎസ്ടി, ഭാരതീയ ചികിത്സ , ഫിഷറീസ്, ഹോമിയോ, മണ്ണ് സംരക്ഷണം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, പട്ടികവര്‍ഗ്ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളില്‍ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയാനുള്ള അവസരവും നല്‍കിയിരുന്നു.