കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടത്തുന്ന ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങിലെ ത്രീ സ്റ്റാര്‍ വിഭാഗത്തില്‍ വയനാട് ജില്ല ഒന്നാമത്. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ്ങ് ഏര്‍പ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിച്ചതിലൂടെയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. ശുചിത്വ മാലിന്യ സംസ്ക്കരണ മേഖലയില്‍ ദേശീയ തലത്തില്‍ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച ജില്ലയാണ് വയനാട്.
സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി ഉയര്‍ത്താനുള്ള ഒ.ഡി.എഫ് പ്ലസ് പദ്ധതിയിലൂടെ ഖര ദ്രവ മാലിന്യ സംസ്ക്കരണ രംഗത്ത് ഗ്രാമതലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ.ഡി.എഫ് പ്ലസിന്റെ ലക്ഷ്യം.
ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറുകയും വ്യക്തിഗത ശൗചാലയ നിര്‍മ്മാണം, പുതുക്കി പണിയല്‍, പൊതു ശൗചാലയ നിര്‍മ്മാണം, പൊതു ജൈവ മാലിന്യ സംസ്ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, പൊതു ദ്രവ മാലിന്യ സംസ്കരണ ഉപാധികള്‍, വിവിധ വിവര വിജ്ഞാന പ്രവത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ നടപ്പിലാക്കിയത്.
26 വില്ലേജുകള്‍ 2022 ഒക്ടോബറില്‍ തന്നെ ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള വില്ലേജുകളിലെ ഗ്രാമ പഞ്ചായത്തുകള്‍ ജിയോ ടാഗിങ്, ബ്ലോക്ക്തല പരിശോധന പൂര്‍ത്തീകരിക്കുകയും ചെയ്തു. നേട്ടം കൈവരിച്ചതിലൂടെ കേന്ദ്ര സംസ്ഥാന ഗ്രാന്റുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഹരിത ട്രൈബ്യൂണല്‍ പിഴ ഒഴിവാക്കാനും പദ്ധതി സഹായിക്കും.
എന്താണ് ഒ.ഡി.എഫ് പ്ലസ് പദവി
സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവിയെക്കാള്‍ ഉയര്‍ന്ന പദവിയാണ് ഒ.ഡി.എഫ് പ്ലസ്. എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പു വരുത്തിയാണ് ഗ്രാമ പഞ്ചായത്തുകള്‍ ഒ.ഡി.എഫ് പദവി കൈവരിച്ചത്. പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന രഹിതമാക്കി തുടര്‍ന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാവര്ക്കും ഖര ദ്രവ മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.
എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതുശൗചാലയം, വിദ്യാലയങ്ങള്‍, അംഗന് വാടികള്‍, ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ ശുചി മുറികള്‍, പൊതു ഇടങ്ങളില്‍ മലിന ജലം കെട്ടി നില്ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം, വീടുകള്‍, വിദ്യാലയങ്ങള്‍, അംഗന് വാടികള്‍, ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ മാലിന്യ സംസ്ക്കരണ സംവിധാനം, കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവ മാലിന്യ സംസ്ക്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ-സംസ്ക്കരണ സംവിധാനം, ഹരിത കര്‍മ്മ സേന സേവനം, ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ എന്നിവയാണ് പദവി നേടാനുള്ള മാനദണ്ഡങ്ങള്‍.