വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന രണ്ടാംഘട്ട ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് തയ്യാറാക്കിയ ബോധവത്ക്കരണ ശബ്ദ സന്ദേശം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും റേഡിയോ മാറ്റൊലിയിലൂടെ പ്രക്ഷേപണം ചെയ്യുന്നതിനുമായി തയ്യാറാക്കിയ ശബ്ദസന്ദേശങ്ങളാണ് പ്രകാശനം ചെയ്തത്.

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മുങ്ങിമരണം, തീപിടുത്തം, കാട്ടുതീ, താപവാതം, ഇടിമിന്നല്‍, പാമ്പുകടി, എമര്‍ജന്‍സികിറ്റ്, മനുഷ്യ-മൃഗ സംഘര്‍ഷം എന്നീ വിഷയങ്ങളിലാണ് ബോധവത്കരണ സന്ദേശങ്ങള്‍ തയ്യാറാക്കിയത്. മലയാളത്തിലും പണിയ, കാട്ടുനായ്ക്ക എന്നീ ഗോത്ര ഭാഷകളിലുമാണ് ശബ്ദ സന്ദേശങ്ങള്‍ തയ്യാറാക്കിയത്.
റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസര്‍മാരായ പ്രജിഷ രാജേഷ്, കെസിയ ഏലി ജേക്കബ് എന്നിവര്‍ മലയാളത്തിലും ട്രൈബല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ.പി പൂര്‍ണിമ പണിയ ഭാഷയിലും ഇ.ആര്‍ രാകേഷ് കാട്ടുനായ്ക്ക ഭാഷയിലുമാണ് ശബ്ദസന്ദേശങ്ങള്‍ തയ്യാറാക്കിയത്.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ്, ഡിഇഒസി ഇന്‍ചാര്‍ജ് ഷാജി പി. മാത്യു, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ. അഖില്‍ ദേവ് കരുണാകരന്‍, ട്രൈബല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ.പി പൂര്‍ണിമ, പ്രോഗ്രാം വളണ്ടിയര്‍ രാഗിന്‍ റോസ് തുടങ്ങിയവര്‍ പങ്കെടുത്തു.