സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒമ്പത് മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയില്‍ കലാജാഥ പര്യടനം തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കലാജാഥ ശക്തന്‍ നഗറില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സർക്കാരിൻ്റെ മുഴുവൻ സേവനങ്ങളും ഒരു കുടക്കീഴിൽ അവതരിപ്പിച്ചുകൊണ്ട് രണ്ടാം വാർഷികം ആഘോഷിക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ, സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സംരംഭകർക്കായി ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ഡി പി ആർ ക്ലിനിക്ക്, ദിവസവും കലാപരിപാടികൾ, സന്ദർശകർക്കായി മത്സരങ്ങൾ തുടങ്ങിയവയും എൻ്റെ കേരളം പ്രദർശനത്തിൻ്റെ സവിശേഷതയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരര്‍ അണിനിക്കുന്ന കലാജാഥയില്‍ കലാപരിപാടികളോടൊപ്പം മേളയുടെ വിളംബര വീഡിയോകളും പ്രദര്‍ശിപ്പിക്കും. പാട്ടും അഭിനയവും മിമിക്രിയും ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെ എന്റെ കേരളം എക്‌സിബിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം. എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും കലാജാഥ പര്യടനം നടത്തും. അതത് പ്രദേശത്തെ എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മണ്ഡലം തലത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.
തിങ്കളാഴ്ച വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളിൽ കലാജാഥ പര്യടനം നടത്തി. ചൊവ്വാഴ്ച കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് പര്യടനം. മെയ് 3ന് മണലൂര്‍, നാട്ടിക, കയ്പമംഗലം, 4ന് കൊടുങ്ങല്ലൂര്‍, ചാലക്കുടി, 5, 6 തിയ്യതികളില്‍ പുതുക്കാട്, ഒല്ലൂര്‍, 7ന് ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ ശേഷം മെയ് 8ന് തൃശൂരില്‍ സമാപിക്കും.

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഫ്‌ളാഗ് ഓഫില്‍ ജില്ല കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് സി നിര്‍മല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം എച്ച് ഡെസ്‌നി തുടങ്ങിയവര്‍ പങ്കെടുത്തു.