കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി ചൊവ്വാഴ്ച തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമി റീജിനൽ തീയേറ്ററിൽ സംഘടിപ്പിച്ചു. നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ്, എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും തൃശ്ശൂരിന്റെ സംസ്‌കാരിക രാഷ്ട്രീയ പ്രാധാന്യത്തോട് ചേർന്നു നിൽക്കുന്ന വിധം സവിശേഷമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ജനാധിപത്യത്തിന്റെ വികാസത്തോടൊപ്പം സഞ്ചരിക്കുന്ന ചരിത്ര പശ്ചാത്തലം നിയമസഭാ ലൈബ്രറിക്കുണ്ട്. അറിവുള്ള സാമാജികരാണ് അർത്ഥവത്തായ സഭയെയും ജനാധിപത്യ സംവിധാനത്തെയും രൂപപ്പെടുത്തുന്നത്. അത്തരം സാമാജികരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ലൈബ്രറിയുടെ  ഒരു നൂറ്റാണ്ടിന്റെ പ്രവർത്തനം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

നിയമസഭാ സമാജികരും, ലൈബ്രറി ഉപദേശക സമിതി അംഗങ്ങളുമായ പി.ബാലചന്ദ്രൻ സേവ്യർ ചിറ്റിലപ്പിള്ളി, എ.സി.മൊയ്തീൻ, നിയസഭാ സെക്രട്ടറി എം.എ ബഷീർ, സി.സി മുകുന്ദൻ, ഡെപ്യൂട്ടി മേയർ റോസി, തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഹാരിഫാബി എന്നിവർ സംസാരിച്ചു. തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ. നന്ദി പറഞ്ഞു.

നിയമസഭാ സാമാജികർ, സെക്രട്ടറി, മുൻ നിയമസഭാ സാമാജികർ, മുൻ നിയമസഭാ സെക്രട്ടറിമാർ എന്നിവരുടെ രചനകളും നിയമസഭയുടെ  ചരിത്രം പറയുന്ന ചിത്രങ്ങൾ, രചനകൾ പുസ്തക പ്രദർശനത്തിൽ ശ്രദ്ധേയമായി 1888-1893-ൽ കൈ കൊണ്ട് എഴുതിയ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രൊസീഡിംഗ്‌സ്, മലയാളത്തിലുള്ള ഇന്ത്യയുടെ ഭരണഘടനാ നിയമം, ബഞ്ചമിൻ ബെയ്‌ലിയുടെ  മലയാളം – ഇംഗ്ലീഷ് നിഘണ്ടു, 1961 തൃശ്ശൂരിലെ ഡിസ്ട്രിക്ട് സെൻസസ് ബുക്‌സ്, 15-ാം നിയമസഭയിലെ സാമാജികരുടെ രചനകൾ, തുടങ്ങിയവ പ്രദർശത്തിലുണ്ട്. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭ അംഗങ്ങളായിരുന്ന കുമാരനാശാൻ, അയ്യങ്കാളി എന്നിവരുടെ രചനകൾ, മലബാർ, കൊച്ചി, ട്രാവൻകൂർ, തിരു കൊച്ചി എന്നിവയുടെ അസംബ്ലി കെട്ടിടങ്ങൾ, ഇ.എം.എസ് നമ്പൂതിരിപ്പാട് ഗവർണ്ണർ ബി.രാമകൃഷ്ണറാവു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നത്, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിയമസഭയെ അഭിസംബോധന ചെയ്യുന്നത് തുടങ്ങി ചരിത്രം പറയുന്ന ഒട്ടേറെ ചിത്രങ്ങളും പുസ്തകങ്ങളുമാണ് പ്രദർശനത്തിനുള്ളത്. പരിപാടിയിൽ തൃശ്ശൂർ ജില്ലയിലെ മുൻ സാമാജികൻ, കെ.സച്ചിദാനന്ദനെ  നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പൊന്നാട അണിയിച്ചാദരിച്ചു.

കേരളം:        നവോത്ഥാനവും ശേഷവും       എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പ്രഭാഷണം നടത്തി. തുടർന്ന് ഓൾഡ് ഈസ് ഗോൾഡ് എന്ന കലാപരിപാടിയും കേരള കലാമണ്ഡലത്തിന്റെ എന്റെ കേരളം‘ കലാരൂപവും അവതരിപ്പിച്ചു.