ചെമ്പിലോട് പള്ളിപ്പൊയിലിലെ കെ അവന്തിക കണ്ണൂര്‍ താലൂക്കുതല അദാലത്ത് നടക്കുന്ന വേദിയില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ചക്ര കസേരയിലിരുന്ന് പുഞ്ചിരിക്കുന്ന ഈ 13കാരിയെ കണ്ടതോടെ മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും അടുത്തെത്തി. കുശലാന്വേഷണത്തിന് ശേഷം കാര്യം തിരക്കിയപ്പോള്‍ അവന്തികയുടെ അച്ഛൻ രമേശന്‍ കണ്ടപ്പനും ‘അമ്മ ഇ സജിനയും സങ്കടങ്ങളുടെ കെട്ടഴിച്ചു. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സാച്ചെലവും മരുന്ന് കാശും താങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഈ കുടുംബം. മാസംതോറും 4500 രൂപയുടെ മരുന്ന് മാത്രം വേണം അവന്തികയ്ക്ക്.
ഈ തുക താങ്ങാനാകുന്നില്ലെന്ന കാര്യം ഇരുവരും മന്ത്രിമാരോട് പറഞ്ഞു. ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച മന്ത്രി പി പ്രസാദ് പാലിയേറ്റീവ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി അവന്തികക്ക് മരുന്ന് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. തീരുമാനം ഏറെ ആശ്വാസകരമാണെന്ന് അമ്മ സജിന പറഞ്ഞു.കൂലിപ്പണികാരനായ രമേശന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. അതിനിടെ അപസ്മാരവും ബുദ്ധിമാന്ദ്യവുമുള്ള കുട്ടിയുടെ ചികിത്സ ചെലവ് താങ്ങാനായിരുന്നില്ല. സൗജന്യമായി മരുന്ന് നല്‍കാന്‍ ഉത്തരവായതോടെ വേദന മാറി സന്തോഷം നിറഞ്ഞ മനസുമായാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.