ബേപ്പൂർ തുറമുഖം ഡ്രഡ്ജിംഗ് പ്രവൃത്തിക്ക് തുടക്കം

തുറമുഖ വികസനം ബേപ്പൂരിന്റെ സർവ്വോന്മുഖമായ വികസനത്തിന്റെ നാഴികക്കല്ലായി മാറുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ബേപ്പൂർ തുറമുഖം ക്യാപിറ്റൽ ഡ്രഡ്ജിംഗ് പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബേപ്പൂരിനെ മറ്റൊരു വിഴിഞ്ഞമാക്കി മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. കൊച്ചിയും വിഴിഞ്ഞവും കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖമായി ബേപ്പൂരിനെ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനുവേണ്ടി ആവശ്യമായ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ബേപ്പൂർ അടക്കമുള്ള ചെറുകിട തുറമുഖങ്ങളെ ഏറ്റവും സജീവമായ തുറമുഖങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തടസ്സമില്ലാതെ ഏത് സമയത്തും വലിയ കപ്പലുകൾക്ക് തുറമുഖത്തെത്താൻ സാധിക്കും എന്നതാണ് ഡ്രഡ്ജിംഗിന്റെ ഏറ്റവും വലിയ നേട്ടമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഡ്രഡ്ജിംഗ് പ്രവൃത്തികൾ പൂർത്തിയാകുന്നതോ ടെ ബേപ്പൂർ തുറമുഖം കൂടുതൽ സജീവമാകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ തുറമുഖത്തിന്റെ വികസനം ലക്ഷ്യമാക്കി സമഗ്രവികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു പോകുന്നുണ്ട്. ബേപ്പൂർ ഫിഷ് ലാൻഡിങ് സെന്റർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ 3.5 മീറ്റർ ആഴമേ ബേപ്പൂർ കപ്പൽച്ചാലിനുള്ളൂ. വലിയ ചരക്കുകപ്പലുകൾക്ക് തുറമുഖത്തെത്താൻ 3.5 മീറ്റർ എന്നത് പടിപടിയായി 8.5 മീറ്ററായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഒന്നരമീറ്റർ ആഴം കൂട്ടുകയാണ് ചെയ്യുന്നത്. ഇതിന് 2022-23 ബജറ്റിൽ 11.8 കോടി രൂപയാണ് വകയിരുത്തിയത്.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ ജോമോൻ കെ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കൗൺസിലർമാരായ എം ഗിരിജ ടീച്ചർ, തോട്ടുങ്ങൽ രജനി, കെ രാജീവ്, കേരള മാരിടൈം ചെയർമാൻ എൻ.എസ് പിള്ള, കേരള മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി സലിം കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.