ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കരുതലും കൈത്താങ്ങും അദാലത്ത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നീതി ഉറപ്പാക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ജനങ്ങളിലേക്ക് എത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയാണ്. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ്, ജില്ലകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പെന്റിംഗിലായിരുന്ന എഴുപതു ശതമാനം പ്രശ്‌നങ്ങളും തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സുതാര്യവും വേഗത്തിലും സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏറ്റവും ഫലപ്രദമായ ഒന്നായി അദാലത്ത് മാറും. മേയ് നാലിന് മല്ലപ്പള്ളി, മേയ് ആറിന്അടൂര്‍, മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളിലും താലൂക്ക്തല അദാലത്തുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ഏറ്റവും സുപ്രധാന പരിപാടിയാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കരുതല്‍ ജനങ്ങളോട് എപ്പോഴുമുണ്ട്. സര്‍ക്കാരിന്റെ കൈത്താങ്ങ് എല്ലാ ജനങ്ങള്‍ക്കും ലഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ള നടപടികളാണ് ജില്ലയില്‍ നടപ്പാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ പരാതികള്‍ സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. കോഴഞ്ചേരി താലൂക്കില്‍ 375 പരാതികളാണ് ആകെ ലഭിച്ചത്. 265 പരാതികളാണ് അവയില്‍പരിഗണിക്കുവാന്‍ സാധിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

പരാതികളില്‍ സാങ്കേതികത്വം കണ്ടു പിടിക്കാതെ ജനങ്ങളെ സഹായിക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറണമെന്ന് നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ജനങ്ങളാണ് ആത്യന്തികമായി ജനാധിപത്യത്തില്‍ യജമാനന്മാര്‍. നീതി നടപ്പാക്കാന്‍ സാങ്കേതികത്വം വഴിമാറണം. ജനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുവാന്‍ കഴിയുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, എഡിഎം ബി.രാധാകൃഷ്ണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.