ഇനിയുള്ള കാലം മക്കളെ ആശ്രയിക്കാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ തന്റെ സ്വത്ത് വകകൾ തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് രുഗ്മിണിയമ്മ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്.
ചെറുകുളത്തൂർ മാവണ്ണൂർ വീട്ടിൽ ടി.കെ. രുഗ്മിണിയമ്മയാണ് സ്വത്ത് മകനിൽ നിന്ന് ഏറ്റെടുത്ത് തിരിച്ചു നൽകണമെന്ന പരാതിയുമായെത്തിയത്. അഞ്ച് വർഷം മുൻപാണ് രുഗ്മിണിയമ്മ തന്റെ സ്വത്ത് വകകൾ വീതം വെച്ചതിനുശേഷമുള്ള വിഹിതത്തിൽ നിന്നും 13.5 സെന്റ് സ്ഥലം അച്ഛനെയും അമ്മയെയും സംരക്ഷിക്കാമെന്ന ഉറപ്പിന്മേൽ മകന് എഴുതി നൽകിയത്. എന്നാൽ സ്വത്ത് കിട്ടിയതോടെ മകൻ അമ്മയെ അവഗണിക്കാൻ തുടങ്ങി.
തന്റെ സ്വത്തുവകകൾ തിരികെ ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിയിന്മേൽ 2007 ലെ മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം സബ് കലക്ടർ വി ചെൽസാനിയുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രിബ്യൂണൽ കോടതി മുഖാന്തിരമാണ് നടപടി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരിൽ നിന്നും സ്വത്ത് വകകൾ റദ്ദ് ചെയ്ത ഉത്തരവ് അമ്മ കൈപ്പറ്റി നിറഞ്ഞ മനസ്സുമായാണ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.