കാര്‍ഷികവൃത്തിയില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം യന്ത്രവല്‍കൃത സേനയെന്ന് കൃഷി  മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച  കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ ആണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്നത്.

കാര്‍ഷിക ഇടങ്ങളില്‍  കാണുന്ന ചെല്ലി പോലെയുള്ള ജീവികളുടെ  ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാന്‍ ആളെ കിട്ടതാകുക തുടങ്ങി കാര്‍ഷികവൃത്തിക്ക് തടസമാകുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാര്‍ഗമായി, യന്ത്രവല്‍കൃത സേനയായി കര്‍ഷക തൊഴിലാളികള്‍ മാറണം. യന്ത്രസഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാന്‍ സഹായിക്കും.

യന്ത്രങ്ങളുടെ സഹായത്തോടെയുള്ള തൊഴില്‍ സേന ഉണ്ടെങ്കില്‍ മാത്രമേ കൃഷിചെയ്യാന്‍ ആളുകളെ കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനും സഹായകരമാകുകയുള്ളൂ.
ഈ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ പരിശീലനം സിദ്ധിച്ച ഒരു  തൊഴില്‍ സേന വളരെ അത്യാവശ്യമാണ്. പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് യന്ത്രങ്ങളും ലഭ്യമാകണം.

കൃഷിശ്രീ എന്നതു കൊണ്ട് ഉദ്ദേശിക്കുന്ന പ്രധാന കാര്യമിതാണെന്നും മന്ത്രി പറഞ്ഞു.
സംഭരിക്കുന്ന ഓരോ മേഖലയില്‍ നിന്നും കാര്‍ഷിക വിളകളെ  മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ഓരോ ഇടങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഫലപ്രദമാകും. ഒരു പഞ്ചായത്തിന് കീഴില്‍ മാത്രമല്ല, സമീപ പഞ്ചായത്തുകളിലെ കാര്‍ഷിക പണികളിലേക്കു മുള്ള ഒരു സേനയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗമായി കൂടി മാറാന്‍ കഴിയുമെന്നും കൃഷി മന്ത്രി പറഞ്ഞു.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 22000 ന് മുകളില്‍ കൃഷികൂട്ടങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേയ് 16 നു മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് കൃഷി കൂട്ടങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടത്തുമെന്നും  മന്ത്രി പറഞ്ഞു.കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2020-21 ല്‍ .24 ശതമാനമാണ് കാര്‍ഷിക മേഖല വളര്‍ന്നത്. ജനകീയ പങ്കാളിത്തവും കൃഷികൂട്ടങ്ങളുടെ വരവും 4.64 ശതമാനമായി കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പുരോഗതി  ഉണ്ടാക്കാന്‍ സാധിച്ചു. കേരള കൃഷി വകുപ്പിന്റെ ഫാമുകളില്‍ ഉത്പാദിപ്പിച്ച 131 ഉത്പന്നങ്ങള്‍  ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്നതായും മന്ത്രി പറഞ്ഞു.

പറക്കോട് ബ്ലോക്കിന് കീഴിലെ അടൂര്‍ മുനിസിപ്പാലിറ്റി, കടമ്പനാട്, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, പള്ളിക്കല്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രമല്ല കോന്നി മണ്ഡലത്തിലെ പറക്കോട് ബ്ലോക്ക് അതിര്‍ത്തി പങ്കിടുന്ന പഞ്ചയത്തുകള്‍ക്കും കൃഷിശ്രീ സെന്ററിന്റെ സേവനം ലഭ്യമാകുമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആദ്യം പന്തളം ബ്ലോക്കിനാണ് കൃഷിശ്രീ  അനുവദിച്ചത്. സേവനം കൂടുതല്‍ പേരിലേക്ക് ലഭ്യമാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പിന്നീട് പറക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഈ പദ്ധതി വരാന്‍ ഇടയായത്.

ഏറ്റവും ഫലപ്രദമായി ഈ സേവനങ്ങള്‍ വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്. അടൂര്‍ മണ്ഡലത്തില്‍  കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും.
അതത് പഞ്ചായത്തുകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ തനത് ബ്രാന്‍ഡുകളില്‍  വിപണിയില്‍ എത്തിക്കണം. ഇത്തരത്തില്‍ മണ്ഡലത്തില്‍ നിലവില്‍ രണ്ട് പഞ്ചായത്തുകള്‍ ആണ് ഉള്ളത് – കൊടുമണ്ണും, പന്തളം തെക്കേക്കരയും. എല്ലാ പഞ്ചായത്തുകളും ഇത്തരത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമായ വിധത്തില്‍  മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാക്കി എടുക്കണം. കേരളത്തിന്റെ കാര്‍ഷിക മേഖല പരിശോധിച്ചാല്‍ വി.വി. രാഘവന്‍ മുതല്‍ പി. പ്രസാദ് വരെയുള്ളവര്‍
കാര്‍ഷിക മേഖലയെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിനും സമ്പന്നമാക്കുന്നതിനുമുള്ള ചുവടുവെപ്പുകള്‍ ആണ് എടുത്തിട്ടുള്ളത്.

കാര്‍ഷിക സംസ്‌കൃതിയെ കൂടുതല്‍ വിപുലീകരിക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ കൃഷി ഓഫീസര്‍മാരെയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കൊപ്പം യോഗം ചേരും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെ സാധ്യതകളും  ഭൂപ്രകൃതിയും ഭൂവിസ്തൃതിയും  അനുസരിച്ച് 2023 -24 സാമ്പത്തിക വര്‍ഷം കാര്‍ഷിക മുന്നേറ്റം കൈവരിക്കാന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ ട്രാക്ടറിന്റെ താക്കോല്‍ദാനവും, കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ നഗസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിബു, കടമ്പനാട് കൃഷി ഓഫീസര്‍ സബ്ന സൈനുദീന്‍, കൃഷി. അസി.ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്ജ്, അഡ്വ.എസ് മനോജ്, അരുണ്‍ കെ എസ് മണ്ണടി, ജി മോഹനചന്ദ്രകുറുപ്പ്, കെ സാജന്‍, വൈ. രാജന്‍, രാജന്‍ സുലൈമാന്‍, സിഡിഎസ് അംഗങ്ങള്‍, എഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.