• പന്ത്രണ്ടായിരത്തോളം സേവനങ്ങള്‍
    * മൂന്ന് ലക്ഷത്തോളം പേര്‍ മേള കാണാനെത്തി
    * ബി.ടു.ബി 100 കോടി രൂപയുടെ ബിസിനസ് അവസരം
    * ഭക്ഷ്യമേള 10.68 ലക്ഷം വരുമാനം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നേട്ടം കൊയ്ത് ജില്ലയിലെ സംരംഭങ്ങള്‍. ഏഴ് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വിറ്റുവരവാണ് മേളയിലൂടെ വിവിധ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കുമുണ്ടായത്. ജില്ലയിലെ ചെറുകിട സംരംഭ കര്‍ക്കായി ഒരുക്കിയ വാണിജ്യ വിഭാഗത്തിലെ 111 സ്റ്റാളുകളില്‍ നിന്നായി 39.4 ലക്ഷം രൂപയുടെ വ്യാപാരം നടന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തി ലുളള ബി 2 ബി മീറ്റും ഏറെ ശ്രദ്ധേയമായി.

വിപണന മേളയില്‍ പങ്കെടുത്ത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനായി ജില്ലയ്ക്കകത്തും പുറത്തുമുള്ള വിപണന ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനാണ് ബി.ടു.ബി ലക്ഷ്യം വെച്ചത്. പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സംരംഭകരുമായി ആശയവിനിമയം നടത്തി. വിവിധ സംരംഭകരമായുള്ള കൂടിക്കാഴ്ചയിലൂടെ നൂറ് കോടിയിലധികം രൂപയുടെ ബിസിനസ് അവസരങ്ങളും വിവിധ യൂണിറ്റുകള്‍ക്ക് ലഭിച്ചതായി വ്യവസായ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് വായ്പമേളയും നടന്നു.

സപ്ലൈകോ പുതിയ ആശയമായി അവതരിപ്പിച്ച ഏക്‌സ്പ്രസ് മാര്‍ട്ടും മേളയില്‍ വന്‍ വിജയമായി. 9.31 ലക്ഷം രൂപയുടെ വില്‍പ്പനയാണ് എക്‌സ്പ്രസ് മാര്‍ട്ടില്‍ നടന്നത്. അവസാന ദിവസം മാത്രം 2,39,447 രൂപയുടെ സാധനങ്ങളാണ് വിറ്റൊഴിഞ്ഞത്. ഇതുവരെ നടന്ന എന്റെ കേരളം മേളയില്‍ വയനാട് ജില്ലയില്‍ നിന്നാണ് സപ്ലൈകോ ഏക്‌സ്പ്രസ് മാര്‍ട്ടിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. സപ്ലൈകോയുടെ ആധുനിക വില്‍പ്പന സമ്പ്രദായം പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു സ്റ്റാള്‍ സജ്ജീകരി ച്ചിരുന്നത്. തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങള്‍ക്കും ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവും പ്രത്യേക ഓഫറുകളും ലഭ്യമാക്കി യതും വില്‍പ്പന ഉയര്‍ത്തുന്നതിന് സഹായകമായി.

എന്റെ കേരളം മേളയിലൂടെ കുടുംബശ്രീക്കും റെക്കോര്‍ഡ് വരുമാനം ലഭിച്ചു. ഏഴ് ദിവസങ്ങളിലായി നടന്ന ഭക്ഷ്യമേളയിലൂടെ 10.68 ലക്ഷം രൂപയുടെ വരുമാനമാണ് യൂണിറ്റുകള്‍ക്ക് ലഭിച്ചത്. കൂടാതെ കുടുംബശ്രീ യുടെ ഉല്‍പ്പന്ന വിപണന സ്റ്റാളുകള്‍ വഴി 1,56,745 യുടെ വരുമാനവും നേടാനായി.

വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകളും മേളയില്‍ ശ്രദ്ധേയമായിരുന്നു. അക്ഷയ കേന്ദ്രം തുടങ്ങിയുള്ള സ്റ്റാളുകളിലടക്കം പന്ത്രണ്ടായിരത്തോളം പേര്‍ മേളയിലൂടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. മൂന്ന് ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിച്ചതായതാണ് കണക്കുകള്‍. ഭക്ഷ്യമേള എല്ലാസമയവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറി. എന്റെ കേരളം പ്രദര്‍ശന മേളയിലെ കലാ സായാഹ്നങ്ങളും കലാസ്വാദകരെ കൊണ്ട് നിറഞ്ഞിരുന്നു. ഷഹബാസ് അമന്റെ ഗസലും അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക്, ആല്‍മര മ്യൂസിക് ബാന്‍ഡ് സംഗീത നിശ എന്നിവയ്‌ക്കെല്ലാം വന്‍ ജനാവലി എത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് പ്രദര്‍ശന മേള സന്ദര്‍ശിക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നുമായി നിരവധി ആളുകളെത്തിയത്.