നഗര ദാരിദ്ര്യം ലഘൂകരിക്കുന്നതിനും നഗരത്തിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പാക്കിയതിന് കേരളത്തിന് തുടർച്ചയായ ആറാം തവണയും ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022-23ലെ ‘സ്പാർക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ്‌ അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്. 15 കോടി രൂപയാണ് അവാർഡ് തുക. ഇത് പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി.

 ഇതിനു മുമ്പ് 2020-21 സാമ്പത്തികവർഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-20, 2017-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്.  സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. 2021-22ലെ സ്പാർക് റാങ്കിങ്ങ് അവാർഡ് 2023 മാർച്ചിലാണ് ലഭിച്ചത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് തന്നെ പെർഫോമൻസ് അസ്സസ്മെന്റ് പൂർത്തിയാക്കി  റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വർഷങ്ങളിലെ അവാർഡുകൾ പത്തു ദിവസത്തെ ഇടവേളയിൽ  കുടുംബശ്രീക്ക് ലഭിച്ചു.

കുടുംബശ്രീ മുഖേന കേരളത്തിൽ 93 നഗരസഭകളിൽ പദ്ധതി നടപ്പാക്കുന്നു. സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും, കാര്യശേഷി വികസനവും പരിശീലനവും, നൈപുണ്യ പരിശീലനവും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കലും, സ്വയംതൊഴിൽ പദ്ധതി, നഗരങ്ങളിലെ ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ സ്ഥാപിക്കൽ, നൂതന ആശയ സവിശേഷ പദ്ധതികൾ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.

പദ്ധതിയുടെ ഭാഗമായി നഗരമേഖലയിൽ ഇതുവരെ 24893 അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. 24860 പേർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതിൽ 21576 പേർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേർക്ക് തൊഴിലും നൽകി. ഉപജീവനമേഖലയിൽ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേർക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകൾക്കും 10000 രൂപ വീതം 41604 അയൽക്കൂട്ടങ്ങൾക്കും റിവോൾവിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സർവേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതിൽ 19020 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു. പദ്ധതിയുടെ കീഴിൽ 24 ഷെൽട്ടർ ഹോമുകൾ വിവിധ നഗരസഭകളിലായി പൂർത്തീകരിച്ചിട്ടുണ്ട്.