സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണ കലാജാഥ പര്യടനം പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ മുരളി പെരുനെല്ലി എംഎൽഎ സ്വാഗതം ചെയ്തു.

പാട്ടും പറച്ചിലും മിമിക്രിയും നൃത്തവും അരങ്ങിൽ ഒരുക്കി ഗ്രാമപ്രദേശങ്ങളിൽ വിസ്മയ കാഴ്ചയാവുകയാണ് കലാജാഥ. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിക്കുന്നത്. എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും കലാജാഥ പര്യടനം നടത്തും.

ജില്ലയിലെ പൂവ്വത്തൂർ, കാഞ്ഞാണി, വാടാനപ്പിള്ളി, തൃപ്രയാർ, വലപ്പാട്, കയ്പമംഗലം, മതിലകം പ്രദേശങ്ങളിൽ കലാജാഥ സഞ്ചരിച്ചു. വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച കലാജാഥ നാട്ടുകാർ, വഴിയാത്രക്കാർ, കുടുംബശ്രീ പ്രവർത്തകർ ഉൾപെടെയുള്ളവരുടെ വൻ സ്വീകണത്തോടെ ആഘോഷമായി മാറി.

കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. വ്യാഴാഴ്ച (മെയ് 4) കൊടുങ്ങല്ലൂർ, ചാലക്കുടി മണ്ഡലങ്ങളിലാണ് പര്യടനം. കലാജാഥ മെയ് 8ന് തൃശൂരില്‍ സമാപിക്കും.