ക്വാറി – ക്രഷർ ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ക്വാറി – ക്രഷർ യൂണിറ്റ് ഉടമകളുടെ യോഗം ചേർന്നു. വില പരമാവധി കുറയ്ക്കണമെന്ന് കലക്ടർ ക്വാറി – ക്രഷർ യൂണിറ്റ് ഉടമകൾക്ക് ശക്തമായ നിർദേശം നൽകി.
ലൈഫ് മിഷൻ പദ്ധതി, സർക്കാർ പദ്ധതികളുടെ നിർമ്മാണം, ദേശീയ പാത നിർമ്മാണം എന്നിവയെ ബാധിക്കുന്ന വിധത്തിൽ വില വർദ്ധനവ് ഉണ്ടാകരുതെന്നും കർശന നിർദേശം നൽകി.അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കി സുതാര്യത ഉറപ്പാക്കാനും അതത് ക്വാറി – ക്രഷർ യൂണിറ്റുകളിൽ വില വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും കലക്ടർ നിർദേശിച്ചു.
യോഗത്തിൽ സബ് കലക്ടർ മുഹമ്മദ് ഷെഫീക്, എഡിഎം ടി മുരളി, ജില്ലാ ജിയോളജിസ്റ്റ് സംഗീത സതീശ്, ക്വാറി-ക്രഷർ യൂണിറ്റ് ഉടമകൾ എന്നിവർ പങ്കെടുത്തു.