രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകൾ സംയുക്തമായി പുറത്തിറക്കിയ ‘നാടറിഞ്ഞ രണ്ട് വർഷങ്ങൾ’ എന്ന കൈപുസ്തകത്തിന്റെ പ്രകാശന കർമ്മം ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് കോപ്പി നൽകി വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു.

             പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ കാണിക്കുന്ന ആവേശവും ശുഷ്‌കാന്തിയും പോലെ അതിപ്രധാനമാണ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുക എന്നത്,  പലപ്പോഴും ഇതിൽ വരുന്ന വീഴ്ചയാണ് പദ്ധതികളുടെ ബജറ്റുകളെ താളംതെറ്റിക്കുന്നത്. കൃത്യമായ പദ്ധതി അവലോകനത്തിലൂടെയാണ് ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തിന്റെ വികസന കുതിപ്പിലേക്ക് നയിച്ചത്. ശരിയായി കാര്യനിർവ്വഹണം നടത്തുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. നിശ്ചയ ദാർഢ്യത്തോടെ ഈ വെല്ലുവിളികളെ അതിജീവിക്കണമെന്നും മന്ത്രി പറഞ്ഞു.

             ചരിത്രം വക്രീകരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്ന കാലത്ത് ശരിയായ ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുകയും, അതിനെ പൊതു സമൂഹത്തിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നത് സുപ്രധാനമാണ്, മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിൽ തുറമുഖ മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പുകളിൽ നടക്കുന്ന മാറ്റങ്ങൾ അഭിമാനകരമാണെന്ന് കൈപ്പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച പ്രേംകുമാർ പറഞ്ഞു.

             സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ.വി. വേണു, കെ.എം.ബി ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ. സലീംകുമാർ, വിസിൽ സി.ഇ.ഒ. ഡോ.ജയകുമാർ, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, പുരാരേഖ ഡയറക്ടർ റജികുമാർ, മ്യൂസിയം ഡയറക്ടർ അബുരാജ്, പിടി, ജോയ് സി.പി., അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.