ലൈഫ് 2020 ജില്ലയിൽ പൂർത്തീകരിച്ചത് 1,379 വീടുകൾ
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് സമ്പൂർണ പാർപ്പിടം പദ്ധതി മുഖേന നിർമാണം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട പുതിയ വീടുകളുടെ കരാർ വയ്ക്കലിന്റെ ജില്ലാതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് ലഭ്യമാക്കാനുള്ള സർക്കാർ ഇടപെടലുകൾ അതിവേഗം തുടരുകയാണെന്നും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ലൈഫ് പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ വീടില്ലാത്ത പരമാവധി പേർക്കും വീട് നൽകുമെന്നും സ്വകാര്യ മേഖലയിലടക്കം 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1,379 വീടുകളാണ് പൂർത്തീകരിച്ചത്. ലൈഫ് 2020 പദ്ധതിയിലുൾപ്പെട്ട 8703 ഗുണഭോക്താക്കളുടെ ഭവനനിർമാണം 2023-24 സാമ്പത്തികവർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ടി ഗുണഭോക്താക്കളെ കരാർ വച്ച് ഭവനനിർമാണം ആരംഭിക്കുന്നതിനുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 34,745 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തിയാക്കിയത്. 23,841 വീടുകൾ ഗ്രാമപഞ്ചായത്തുകളിലും 10,904 വീടുകൾ നഗരസഭകളിലും പൂർത്തിയാക്കി. ലൈഫ് ഒന്നാംഘട്ടമായ ‘പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണം’ വിഭാഗത്തിൽ 6,040 വീടുകളും രണ്ടാം ഘട്ടം .ഭൂമിയുള്ള ഭവനരഹിതരുടെ ‘ വിഭാഗത്തിൽ 15,474 പേരും വീട് നിർമാണം പൂർത്തിയാക്കി. മൂന്നാംഘട്ടമായ ‘ഭൂരഹിത ഭവനരഹിതർ ‘ പട്ടികയിൽ ഭൂമിയുള്ളതായി കണ്ടെത്തിയ 1,119 പേർക്ക് ഭവന നിർമാണസഹായം ലഭ്യമാക്കി. 2,514 പേർക്ക് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഭൂമി കണ്ടെത്തുകയും ഭവനനിർമാണത്തിനായി കരാറിൽ ഏർപ്പെടുകയും ചെയ്തു. 1,259 പേർ ഈ വിഭാഗത്തിൽ ഭവനനിർമാണം പൂർത്തീകരിച്ചു.
1,364 പട്ടികജാതിവിഭാഗക്കാർക്കും 417 പട്ടികവർഗവിഭാഗക്കാരും 511 ഫിഷറീസ് വിഭാഗക്കാരും ചേർന്ന് 3,215 പേർ കരാർ വയ്ക്കുകയും 1,033 ഭവനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ലൈഫ് 2020 ഓൺലൈൻ അപേക്ഷകളിൽ 3,549 പേർ കരാറിൽ ഏർപ്പെട്ടു. 29 പേരുടെ ഭവനനിർമാണം പൂർത്തിയായി. 844 പേരടങ്ങുന്ന അതിദരിദ്രരുടെ പട്ടികയിൽ 306 പേർ കരാർ വെച്ചു. ആറ് ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പട്ടികയിലെ മുഴുവൻപേരും കരാർ വെപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്ന മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ പൂവ്വച്ചലിൽ രണ്ടര ഏക്കർ ഭൂമിയും നഗരൂരിൽ 22 സെന്റ് സ്ഥലവും കള്ളിക്കാട് മൂന്ന് സെന്റും പാങ്ങോട് 15 സെന്റ് ഭൂമിയും ലഭ്യമായിട്ടുണ്ട്. പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിന് ലഭ്യമായ രണ്ടര ഏക്കറിൽ 114 ഗുണഭോക്താക്കളെ പാർപ്പിക്കുന്നതിനുള്ള ഭവനസമുച്ചയം പണിയുന്നതിനുള്ള നടപടികളിലാണ് സർക്കാർ. അഴൂർ ഗ്രാമപഞ്ചായത്തിലെ 247 സെന്റിൽ 44 യൂണിറ്റുകളടങ്ങിയ ഭവനസമുച്ചയവും മടവൂരിലെ 120 സെന്റിൽ 44 യൂണിറ്റുകളടങ്ങിയ ഭവന സമുച്ചയം പണിയുന്നതിനും തീരുമാനമായിട്ടുണ്ട്.
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചേമംകുഴിയിൽ നടന്ന പരിപാടിയിൽ ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ജെ.എ അനിൽകുമാർ, ലൈഫ്മിഷൻ കോ-ഓർഡിനേറ്റർ എസ്. ശ്രീശുഭ എന്നിവരും പങ്കെടുത്തു.