മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നു എന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ, നേരത്തെ ലഭിച്ച പരാതികളിൽ തീർപ്പ് കൽപ്പിച്ച ശേഷം മന്ത്രിമാർ ക്ഷമയോടെ പുതിയ അപേക്ഷകരുടെ പരാതികൾ ഓരോന്നും കേട്ടു.

773 അപേക്ഷകരാണ് പുതുതായി പരാതികൾ സമർപ്പിക്കാൻ അദാലത്ത് വേദിയിൽ എത്തിയത്. ഇവ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ച മന്ത്രിമാർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിശോധിച്ചു നടപടിയെടുക്കുന്നതിനായി ശുപാർശ ചെയ്തു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടവ, ചികിത്സാസഹായം, റേഷൻ കാർഡ് സംബന്ധമായ വിഷയങ്ങൾ, വിദ്യാഭ്യാസ ധനസഹായം, വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങിയ അപേക്ഷകളുമായി എത്തിയ ഓരോരുത്തരെയും അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് മന്ത്രിമാർ തിരിച്ചയച്ചത്.