കുടിവെള്ള ചാർജ് കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങി

കുടിവെള്ള ചാർജ് കുടിശ്ശിക 1000 രൂപയിലധികമുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ അറിയിച്ചു. കണ്ണൂർ, മട്ടന്നൂർ, പെരളശ്ശേരി, തലശ്ശേരി എന്നീ സബ് ഡിവിഷനുകളുടെ പരിധിയിലുള്ള കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. ഈ മേഖലകളിലെ വിവിധ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ 7820 പേർ 1000 രൂപയിലധികം കുടിശ്ശിക വരുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരും കുടിശ്ശിക വരുത്തിയവരും അടിയന്തരമായി തുക അടക്കണം. ബില്ലിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മുന്നറിയിപ്പില്ലാതെ നടപടിയുണ്ടാകും. ജല അതോറിറ്റി ഓഫീസിൽ നേരിട്ടും ഓൺലൈനായും തുക അടക്കാം. കണക്ഷൻ വിച്ഛേദിച്ചിട്ടും പണം അടക്കാത്തവർക്കെതിരെ ജപ്തി നടപടിയുണ്ടാകും. കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെ കണക്ഷനുകളും വിച്ഛേദിക്കും. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. കണ്ണൂർ-3038, തലശ്ശേരി-1012, കൂത്തുപറമ്പ-614, പെരളശ്ശേരി-1244, പെരളശ്ശേരി- 2889, മട്ടന്നൂർ-558, ചാവശ്ശേരി പറമ്പ-268, കൊളച്ചേരി – 197 എന്നിങ്ങനെയാണ് 1000 രൂപക്കു മുകളിൽ വിവിധ സെക്ഷനുകളിൽ കുടിശ്ശിക വരുത്തിയവരുടെ എണ്ണം.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: പരീക്ഷ മാറ്റി

പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിനായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കാൻ മെയ് ആറിന് കണ്ണൂർ ഗവ. വി എച്ച് എസ് എസ് (സ്‌പോർട്‌സ്)ൽ നടത്താൻ നിശ്ചയിച്ച എഴുത്തു പരീക്ഷ മെയ് 22ലേക്ക് മാറ്റിയതായി പ്രൊജക്ട് ഓഫീസർ അറിയിച്ചു.

തീരദേശ പരിപാലന പ്ലാൻ: അദാലത്ത് ജൂൺ 2ന്

2019ലെ തീരദേശ പരിപാലന മേഖല വിജ്ഞാപന പ്രകാരം തീരദേശ പരിപാലന പ്ലാനിന്റെ കരടിൻമേൽ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിന് ജൂൺ രണ്ടിന് രാവിലെ 10.30 മുതൽ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പബ്ലിക് ഹിയറിങ് നടത്തുന്നു. കണ്ണൂർ ജില്ലയുടെ കരട് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ മേപ്പുകൾ http://www.coastal.keltron.org/https://keralaczma.gov.in/  എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.  പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മെയ് 25നകം തപാൽ മുഖേന മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ എസ് ആർ ടി സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ kezmasandtd@gmail.com എന്ന ഇ മെയിൽ മുഖേനയോ എഴുതി അറിയിക്കാം.  കൂടാതെ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ http://www.coastal.keltron.org/ എന്ന വെബ്സൈറ്റിലെ ഗ്രീവൻസസ് എന്ന ഓപ്ഷൻ മുഖേനയും അറിയിക്കാം.  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ഹിയറിങ് സമയത്ത്  നേരിട്ടോ രേഖാമൂലമോ സമർപ്പിക്കുന്നകിനും അവസരം ഉണ്ടായിരിക്കും.

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക്   അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആർ ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക്  അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കോഴ്സുകളായ കമ്പ്യൂട്ടർ ബേസിക് ആന്റ് സ്‌കിൽ, പൈഥൺ എന്നിവയാണ് കോഴ്സുകൾ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന മെയ് ഒമ്പത്.  ഫോൺ: 0497 2877600, 8547005059, 9446304755

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-ധർമ്മശാല റോഡിൽ വളപട്ടണം, കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252-ാം നമ്പർ ലെവൽക്രോസ് (ചൈനാക്ലേ ഗേറ്റ്) മെയ് അഞ്ചിന് രാവിലെ ഒമ്പത് മുതൽ 14ന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

എട്ടാം ക്ലാസ് പ്രവേശനത്തിന്   അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് മീനാപ്പീസിൽ പ്രവർത്തിച്ചു വരുന്ന ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌ക്കൂൾ ഫോർ ഗേൾസ് സ്‌കൂളിലെ 2023 -2024 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യതൊഴിലാളികളുടെ ഏഴാം ക്ലാസ് പാസ്സായ പെൺകുട്ടികൾക്കാണ് പ്രവേശനം. കൂടാതെ ഒമ്പത്, 10 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. പ്രവേശനം നേടുന്നവർക്ക് താമസം, ഹോസ്റ്റൽ, യൂണിഫോം, ബാഗ്, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. പൂരിപ്പിച്ച അപേക്ഷ മെയ് 15 നകം സ്‌ക്കൂൾ ഓഫീസിൽ ലഭിക്കണം.  ഫോൺ: 9496296452.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ പാതിരിയാട് വില്ലേജിലുള്ള കേളാലൂർ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ മെയ് 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ചുമതലയേറ്റു

കണ്ണൂർ ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടായി പി റിയാസ് ചുമതല ഏറ്റെടുത്തു

തടികൾ വിൽപനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, മറ്റ് ഇതര തടികളുടെ വിൽപന മെയ് എട്ട്, 23, 31 തീയതികളിൽ നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപെട്ട തേക്ക് തടികളും, ഇരൂൾ, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നിവാക എന്നീ തടികളും വിൽപനക്കുണ്ട്. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.mstcecommerce.com  വഴി രജിസ്റ്റർ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ നടത്തുന്നതിന് പാൻകാർഡ്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ-മെയിൽ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080, 8547602859.

ഐ എച്ച് ആർ ഡി സെമസ്റ്റർ പരീക്ഷ

ഐ എച്ച് ആർ ഡി നടത്തുന്ന പിജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം) ആഗസ്റ്റിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ പിഴയില്ലാതെ മെയ് 10 വരെയും 100 രൂപ പിഴയോടെ 17 വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ മെയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷഫോറം സെന്ററിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.

സിവിൽ സർവ്വീസ് പരിശീലനം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്) സിവിൽ സർവ്വീസ് പരിശീലനം നൽകുന്നു.  തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) സിവിൽ സർവ്വീസ് അക്കാദമി  ജൂൺ 20 മുതൽ 10 മാസത്തെ പരിശീലനമാണ് നൽകുക. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20. വിശദ വിവരങ്ങളും അപേക്ഷ ഫോറവും kile.kerala.gov.in ൽ ലഭിക്കും.  ഫോൺ: 0471 2309012, 2479966, 7907099629.

ക്വട്ടേഷൻ

കണ്ണൂർ ഗവ.ഐ ടി ഐയിലെ ടെക്‌നീഷൻ മെക്കാട്രോണിക്‌സ് ട്രേഡിലെ ഗോദ്‌റെജ് ഫോർക്ക് ലിഫ്റ്റ് റിപ്പയർ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 12ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2835183.

ലേലം

കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധനസാമഗ്രികൾ മെയ് 23ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.