സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ ചങ്ങനാശേരി താലൂക്ക് തല അദാലത്തിൽ തീർപ്പായത് 143 പരാതികൾ. 168 പരാതികളാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ പരിഗണിച്ചത്.

ബാക്കിയുള്ളവയിൽ ഉടൻ തീർപ്പുണ്ടാക്കുമെന്നും അദാലത്ത് നടപടികൾ സംഗ്രഹിച്ചുകൊണ്ട് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഓൺലൈനായി നേരത്തേ രജിസ്റ്റർ ചെയ്ത പരാതികൾ കൂടാതെ ഇന്നലെ അദാലത്തു നടന്ന ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാൾ വേദിയിലെത്തി 78 പേർ കൂടി പുതിയ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ വേണ്ട നടപടികൾ സ്വീകരിച്ച് പത്തുദിവസത്തിനകം പരാതിക്കാരെ അറിയിക്കും. ഇവർക്ക് മന്ത്രിമാരെ നേരിട്ടു കണ്ട് പരാതികൾ ബോധിപ്പിക്കാനുണ്ടെങ്കിൽ ഇതിനായി ജില്ലാതലത്തിൽ ഒരു അവസരം കൂടി ഒരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ലളിതമായ ഉദ്ഘാടനച്ചടങ്ങിനുശേഷം മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേരിട്ടു ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിലേയ്ക്കു കടക്കുകയായിരുന്നു. ഇടവേളകളില്ലാതെയായിരുന്നു വൈകിട്ടു മൂന്നരവരെ മന്ത്രിമാരും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആളുകളുടെ പരാതികൾ വിശദമായി കേട്ടതും വേണ്ട പരിഹാരനിർദേശങ്ങൾ ഒരുക്കിയതും. മുൻഗണനാ റേഷൻ കാർഡ്, ക്ഷേമപെൻഷനിലെ കുറവ്, ചികിത്സാസഹായം, പാർപ്പിടം, വഴിത്തർക്കം, സഞ്ചാരയോഗ്യമായ വഴി, വാട്ടർ കണക്ഷനിലെ പിഴവ്, പഠനമുറി ലഭിക്കണമെന്ന ആവശ്യം, മരംമുറി തുടങ്ങിയ പരാതികളാണ് അദാലത്തിൽ എത്തിയത്. ചീഫ വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ചങ്ങനാശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. രാജു, മുകേഷ് കെ. മണി, പ്രൊഫ. ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് എന്നിവർ അദാലത്തിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ ഫ്രാൻസിസ് ബി. സാവിയോ, സോളി ആന്റണി, തഹസീൽദാർമാരായ ടി.ഐ. വിജയസേനൻ, കെ.എസ്. ബിന്ദുമോൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു.